ദില്ലി: ഹരിയാനയിലെ യമുനാനഗർ ജില്ലാ സിവിൽ ആശുപത്രിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസ്സുകാരി പെൺകുഞ്ഞിന് ജന്മം നൽകി. ബുധനാഴ്ച നടന്ന സുഖപ്രസവത്തിൽ അമ്മയും നവജാതശിശുവും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇരുവരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനാകുമെന്നാണ് യമുനാനഗർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജതീന്ദർ സിങ് അറിയിച്ചത്.
ജനിച്ച പെൺകുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ പെൺകുട്ടിയുടെ കുടുംബം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മെയ് മാസത്തിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സ്കൂളിൽ വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചപ്പോൾ ഏഴ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. 2022 നവംബർ മുതൽ ഇയാൾ പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

