Home WORLD CUP 26മൊറോക്കോയെ നേരിടാൻ പുതിയ തന്ത്രവുമായി ബ്രസീൽ; റിസ്റ്റ് ബാൻഡുകൾക്ക് ആൻസലോട്ടിയുടെ അംഗീകാരം

മൊറോക്കോയെ നേരിടാൻ പുതിയ തന്ത്രവുമായി ബ്രസീൽ; റിസ്റ്റ് ബാൻഡുകൾക്ക് ആൻസലോട്ടിയുടെ അംഗീകാരം

by news_desk1
0 comments

ന്യൂയോർക്ക്: ലോകകപ്പിലെ ആദ്യ മത്സരത്തിൽ മൊറോക്കോയെ നേരിടാനൊരുങ്ങുന്ന ബ്രസീൽ, കളിക്കളത്തിലെ ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ തന്ത്രം പരീക്ഷിക്കുന്നു. റഗ്ബി ടീമുകൾ വ്യാപകമായി ഉപയോഗിക്കുന്ന ടാക്ടിക്കൽ റിസ്റ്റ് ബാൻഡുകളാണ് ബ്രസീൽ ടീമും ഇപ്പോൾ ആശ്രയിക്കുന്നത്.

സെറ്റ് പീസുകൾ ഉൾപ്പെടെയുള്ള നിർണായക സാഹചര്യങ്ങളിൽ പിഴവുകൾ ഒഴിവാക്കാനും കളിക്കാർക്ക് നിർദ്ദേശങ്ങൾ അതിവേഗം കൈമാറാനുമാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. മത്സരത്തിനിടെ ഗ്യാലറിയിലെ വലിയ ശബ്ദവും കളിയുടെ വേഗതയും കാരണം പരിശീലകരുടെ നിർദ്ദേശങ്ങൾ പലപ്പോഴും കളിക്കാർക്ക് വ്യക്തമായി ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഈ വെല്ലുവിളിക്ക് പരിഹാരമായാണ് റിസ്റ്റ് ബാൻഡുകൾ ഉപയോഗിക്കുന്നത്.

കളിയുടെ വിവിധ കോഡുകൾ, ഫോർമേഷനുകൾ, പൊസിഷൻ മാറ്റങ്ങൾ, സെറ്റ് പീസ് നിർദ്ദേശങ്ങൾ എന്നിവ റിസ്റ്റ് ബാൻഡുകളിൽ രേഖപ്പെടുത്തിയിരിക്കും. കോച്ച് നൽകുന്ന നമ്പറുകളോ കളർ കോഡുകളോ അടിസ്ഥാനമാക്കി ഓരോ കളിക്കാരനും തങ്ങളുടെ അടുത്ത നീക്കം വേഗത്തിൽ മനസിലാക്കാൻ ഇതിലൂടെ സാധിക്കും.

പ്രത്യേകിച്ച് കോർണറുകളും ത്രോ ഇൻസും പോലുള്ള സെറ്റ് പീസുകൾ വേഗത്തിലും കൃത്യതയോടെയും നടപ്പിലാക്കേണ്ട സാഹചര്യങ്ങളിൽ ആരാണ് ചുമതല ഏറ്റെടുക്കേണ്ടതെന്ന് ഉടൻ തീരുമാനിക്കാൻ ഈ സംവിധാനം സഹായകമാകും. ഇതുവഴി എതിര്‍ടീമിന് അനാവശ്യ അവസരങ്ങൾ ലഭിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ.

പരിശീലകൻ കാർലോ ആൻസലോട്ടിയും സെറ്റ് പീസ് പരിശീലകനായ ഫ്രാൻസെസ്കോ മൗരിയും ചേർന്നാണ് റിസ്റ്റ് ബാൻഡുകൾ ഉപയോഗിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതിനായി താരങ്ങൾക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

പ്രതിരോധനിരയിലെ പ്രധാന താരങ്ങളായ മാർക്വിനിയോസും ഗബ്രിയേൽ മഗൽഹയേസും ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി റിസ്റ്റ് ബാൻഡുകൾ ഉപയോഗിച്ചുള്ള പരിശീലനത്തിൽ ഏറെ സമയം ചെലവഴിച്ചിരുന്നു. മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ ഈ പുതിയ തന്ത്രം ബ്രസീൽ എങ്ങനെ പ്രയോഗിക്കുമെന്നത് ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

You may also like