Home Keralaനിപ ആശങ്കയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലെ 3 പേരുടെ ഫലം നെഗറ്റീവ്, റിയാസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

നിപ ആശങ്കയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലെ 3 പേരുടെ ഫലം നെഗറ്റീവ്, റിയാസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

by news_desk1
0 comments

കോഴിക്കോട്: സംസ്ഥാനത്തെ നിപ ജാഗ്രതാ നടപടികൾക്കിടെ ആശ്വാസവാർത്തയായി സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജൂൺ 12ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മൂന്ന് പേരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

നിപ രോഗബാധിതന്റെ അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുക്കളായ മൂന്ന് പേരുടെ പരിശോധനയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയത്. ഇതോടൊപ്പം സമ്പർക്കപ്പട്ടികയിലുള്ള നാല് പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം കുറഞ്ഞ അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെട്ടവരാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതോടെ നിലവിൽ സമ്പർക്കപ്പട്ടികയിൽ ആകെ 100 പേരാണ് ഉള്ളത്. ഇതിൽ അതീവ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിൽ നാല് പേരും, ഉയർന്ന അപകടസാധ്യതാ വിഭാഗത്തിൽ 14 പേരും, കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിൽ 82 പേരുമാണുള്ളത്.

ഇതിനിടെ, നിപ കൺട്രോൾ റൂം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന മുൻ മന്ത്രി മുഹമ്മദ് റിയാസ് എം.എൽ.എയുടെ ആരോപണത്തിനും ആരോഗ്യമന്ത്രി മറുപടി നൽകി. സമ്പർക്കപ്പട്ടികയിലുള്ള 76 പേർക്ക് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഫോണിലൂടെ മാനസിക പിന്തുണ നൽകിയതായും, ഇന്ന് മാത്രം കൺട്രോൾ റൂമിലേക്ക് ലഭിച്ച 30 ഫോൺ കോളുകൾക്ക് മറുപടി നൽകിയതായും മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെ കോഴിക്കോട് നിപ കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

രോഗബാധ സ്ഥിരീകരിച്ച രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 5-ൽ ഇന്ന് 35 വീടുകളിൽ കൂടി ആരോഗ്യപ്രവർത്തകർ സർവേ നടത്തി. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദർശനം പൂർത്തിയായതായി മന്ത്രി അറിയിച്ചു.

നിലവിൽ രോഗബാധിതൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലാണ്. 48 മണിക്കൂറിന് ശേഷം മെഡിക്കൽ ബോർഡ് രോഗിയുടെ ആരോഗ്യനില വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്ലോണൽ ആന്റിബോഡി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) വിദഗ്ധസംഘം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച് ചികിത്സാ-പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. പുതുതായി ഉൾപ്പെടുത്തിയ 13 പേർ ഉൾപ്പെടെ സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻ 100 പേരുമായും കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടു.

സംശയനിവാരണത്തിനായി പൊതുജനങ്ങളിൽ നിന്ന് ഇന്ന് 30 ഫോൺ കോളുകളാണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതുവരെ ആകെ 80 കോളുകൾ ലഭിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേർന്ന് നിലവിലെ സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തി.

You may also like