ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി മഴക്കെടുതിയും പ്രളയവും രൂക്ഷമായി തുടരുന്നു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ വർധിച്ചത്.
അസമിലെ ഏഴ് ജില്ലകളിലായി മൂന്ന് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, സൈന്യം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്.
ഒഡിഷയിലും മഴക്കെടുതി ശക്തമായി തുടരുകയാണ്. സംസ്ഥാനത്ത് 35,000-ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
അതേസമയം, ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ഗൗരികുണ്ഡ് ഗേറ്റിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്ത് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

