Home Keralaഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം; ആത്മവിശ്വാസത്തോടെ തലസ്ഥാനത്തേക്ക് യുഡിഎഫ് നേതാക്കൾ

ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം; ആത്മവിശ്വാസത്തോടെ തലസ്ഥാനത്തേക്ക് യുഡിഎഫ് നേതാക്കൾ

by news_desk1
0 comments

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. പ്രധാന കോൺഗ്രസ് നേതാക്കൾ തലസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാത്രിയോടെ തിരുവനന്തപുരത്ത് എത്തും.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കെ സുധാകരനും നാളെ തലസ്ഥാനത്ത് എത്തും. വോട്ടെണ്ണൽ ദിനത്തിൽ പ്രധാന നേതാക്കളെല്ലാം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഇതിനകം തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്ദിരാഭവനിൽ വോട്ടെണ്ണൽ നിരീക്ഷണത്തിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. തൃപ്പൂണിത്തുറയിൽ ഉറച്ച വിജയം പ്രതീക്ഷിക്കുന്നതായി കെ ബാബു പറഞ്ഞു. കളമശേരിയിൽ എൽഡിഎഫിന് സാധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മണലൂരിൽ ത്രികോണ മത്സരം നടന്നതായും നൂറ് ശതമാനം വിജയം പ്രതീക്ഷിക്കുന്നതായും ടി എൻ പ്രതാപൻ പറഞ്ഞു. മണ്ഡലത്തിൽ നിന്നുള്ള പ്രതികരണങ്ങൾ ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു. എക്‌സിറ്റ് പോളുകളെ മറികടന്ന് കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ആറന്മുളയിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർകിയുടെ പ്രതികരണം. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്ന് യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നു. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ മാറ്റം പ്രതീക്ഷിക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് മുഴുവൻ സീറ്റുകളും നേടാനാകുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.

You may also like