Home Keralaവിവാഹം ചെയ്താലും കന്യാസ്ത്രീയായാലും സ്വത്തവകാശം നഷ്ടമാകില്ല; നിർണായക വിധിയുമായി ഹൈക്കോടതി

വിവാഹം ചെയ്താലും കന്യാസ്ത്രീയായാലും സ്വത്തവകാശം നഷ്ടമാകില്ല; നിർണായക വിധിയുമായി ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: വിവാഹം കഴിക്കുകയോ കന്യാസ്ത്രീ ജീവിതം തിരഞ്ഞെടുക്കുകയോ ചെയ്താൽ പിതൃസ്വത്തിൽ നിന്നുള്ള അവകാശം നഷ്ടമാകുമെന്ന വ്യവസ്ഥ നിയമപരമായി അസാധുവാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഇത്തരം വ്യവസ്ഥകൾ ഇന്ത്യൻ കരാർ നിയമത്തിനും പൊതുതാത്പര്യത്തിനും വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

വൈക്കം സ്വദേശിയായ വർക്കി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ നിർണായക വിധി പ്രസ്താവിച്ചത്. 1965-ൽ തയ്യാറാക്കിയ ധനനിശ്ചയാധാരത്തിൽ മകൾ കത്രീനയ്ക്ക് പിതാവ് 10 സെന്റ് സ്ഥലം നൽകിയിരുന്നെങ്കിലും, വിവാഹിതയാകുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ ആ സ്വത്ത് മകന് ലഭിക്കുമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നു.

പിന്നീട് 1971-ൽ കത്രീന വിവാഹിതയായി ജർമനിയിലേക്ക് താമസം മാറി. 1983-ൽ പിതാവ് മരിച്ചതിന് ശേഷം ആധാരത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഭൂമി സ്വന്തം പേരിലാക്കാൻ വർക്കി ശ്രമിച്ചു. ഇതിനെതിരെ കത്രീന കോടതിയെ സമീപിച്ചു.

ആദ്യഘട്ടത്തിൽ അനുകൂല വിധി ലഭിക്കാതിരുന്നെങ്കിലും, അപ്പീലിൽ കോട്ടയം അഡീഷണൽ ജില്ലാ കോടതി കത്രീനയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതിനെതിരെയായിരുന്നു ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

വിവാഹം ചെയ്യുന്നതോ കന്യാസ്ത്രീ ജീവിതം സ്വീകരിക്കുന്നതോ സ്വത്തവകാശം നിഷേധിക്കാൻ കാരണമാക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇന്ത്യൻ കരാർ നിയമത്തിലെ 26-ാം വകുപ്പ് പ്രകാരം ഇത്തരം വ്യവസ്ഥകൾ അസാധുവാണെന്നും കോടതി വ്യക്തമാക്കി. കത്രീനയ്ക്ക് 10 സെന്റ് സ്ഥലത്തിൽ പൂർണ അവകാശമുണ്ടെന്നും വിധിയിൽ പറഞ്ഞു.

You may also like