ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിനായി അപേക്ഷിക്കാം. മെയ് 26 മുതൽ 29 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പുനർമൂല്യനിർണയത്തിന് മുൻപായി ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാക്കുന്നതിനുള്ള അപേക്ഷ മെയ് 19 മുതൽ 22 വരെ നൽകാം. ഇതിനായി 700 രൂപ ഫീസ് ഈടാക്കും.
ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ചതിന് ശേഷം മാർക്ക് വെരിഫിക്കേഷനും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാം. മാർക്ക് വെരിഫിക്കേഷനായി 500 രൂപയും ഓരോ ചോദ്യത്തിനും പുനർമൂല്യനിർണയ ഫീസായി 100 രൂപ വീതവും നൽകണം.
വിദ്യാർഥികൾക്ക് ഓരോ വിഷയത്തിലും പരമാവധി 10 ചോദ്യങ്ങൾ വരെ പുനർമൂല്യനിർണയത്തിനായി തിരഞ്ഞെടുക്കാം. പുനർമൂല്യനിർണയത്തിന് ശേഷം ലഭിക്കുന്ന മാർക്കാണ് അന്തിമമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാൻ
- സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
- ‘Apply For Answer Book’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
- റോൾ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുക
- ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
- പകർപ്പ് ലഭ്യമായാൽ ഡൗൺലോഡ് ചെയ്യാം
മാർക്ക് വെരിഫിക്കേഷൻ നടപടികൾ
- ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധിച്ച് മാർക്ക് കണക്കിൽ പിശക് ഉണ്ടോ എന്ന് ഉറപ്പാക്കുക
- ‘Apply for Re-verification’ ഓപ്ഷൻ തിരഞ്ഞെടുക്കുക
- ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
- അപേക്ഷയുടെ അക്നോളജ്മെന്റ് സൂക്ഷിക്കുക
പുനർമൂല്യനിർണയത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ചോദ്യപ്പേപ്പറും മാർക്കിങ് സ്കീമും പരിശോധിച്ച് ഉത്തരങ്ങൾ വിലയിരുത്തണം
- മാർക്ക് നൽകുന്നതിൽ വീഴ്ചയുണ്ടായ ചോദ്യങ്ങൾ വ്യക്തമായി ചൂണ്ടിക്കാണിക്കണം
- ഓൺലൈൻ അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം
- വിദഗ്ധ പരിശോധനയ്ക്കു ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

