തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കാനിടയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂൺ 25ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ജൂൺ 26ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാകും.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന്, നാളെ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. കൂടാതെ കർണാടക തീരത്ത് ജൂൺ 26 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.
സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ മേഖലകളിൽ ജൂൺ 22 മുതൽ 26 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
തെക്കൻ മഹാരാഷ്ട്ര തീരം, ഗോവ, കർണാടക, കേരള തീരപ്രദേശം, ലക്ഷദ്വീപ്, കന്യാകുമാരി, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

