ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞ സഞ്ജു സാംസൺ ഇപ്പോൾ തമിഴ് മക്കളുടെ സ്വന്തം ‘ചേട്ടനാണ്’. കഴിഞ്ഞ ദിവസം ചെന്നൈയിലെ ബീച്ചിൽ യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളോ താരജാഡകളോ ഇല്ലാതെ സാധാരണക്കാരനായി എത്തിയ സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കാറിൽ ബീച്ചിലിറങ്ങിയ താരം അവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്കൊപ്പം ചേരുകയായിരുന്നു.
വലംകൈയ്യൻ ബാറ്ററായ സഞ്ജു ബീച്ചിൽ ഇടംകൈയ്യനായാണ് ബാറ്റിങ് ആരംഭിച്ചത് എന്നത് ആരാധകർക്ക് കൗതുകമായി. പ്രാദേശിക ബൗളർമാരുടെ പന്തുകൾ അനായാസം അതിർത്തി കടത്തിയ താരത്തെ ആവേശത്തോടെയാണ് ആരാധകർ പൊതിഞ്ഞത്. ഏറെ നേരം കളിക്കാർക്കൊപ്പം സമയം ചെലവഴിച്ച സഞ്ജു, മടങ്ങുന്നതിന് മുൻപ് പ്രശസ്തമായ ‘തട്രോം… തൂക്രോം’ ഡയലോഗും ആരാധകരെ കൊണ്ട് പറയിപ്പിച്ചാണ് യാത്രയായത്.
ചെന്നൈ ആരാധകർ തനിക്ക് നൽകുന്ന സ്നേഹത്തെക്കുറിച്ച് സൂപ്പർ കിംഗ്സ് പോഡ്കാസ്റ്റിൽ താരം മനസ് തുറന്നിരുന്നു. രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈയിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ തമിഴ്നാട്ടുകാർ വലിയ പിന്തുണയാണ് നൽകിയതെന്ന് സഞ്ജു പറഞ്ഞു. ഈ സ്നേഹം വലിയ ഉത്തരവാദിത്തമാണ് നൽകുന്നതെന്നും ഒരു ഷോട്ട് കളിക്കുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കുമെന്നും ആരാധകരെ നിരാശപ്പെടുത്താൻ തനിക്ക് കഴിയില്ലെന്നും സഞ്ജു വ്യക്തമാക്കി. പെരുമാറ്റം കൊണ്ട് മാത്രമല്ല, പ്രകടനം കൊണ്ടും സഞ്ജു ആരാധകരുടെ പ്രിയങ്കരനാവുകയാണ്. സീസണിലെ 11 മത്സരങ്ങളിൽ നിന്ന് 430 റൺസുമായി ചെന്നൈയുടെ റൺവേട്ടക്കാരിൽ സഞ്ജുവാണ് മുൻപന്തിയിൽ. രണ്ട് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും ഇതിനോടകം താരം സ്വന്തമാക്കിയിട്ടുണ്ട്.

