Home Top Storiesവിമർശനങ്ങൾക്കിടെ ശേഷാദ്രിനാഥന് ഗ്രീൻ സിഗ്നൽ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിന് ഗവർണറുടെ അംഗീകാരം

വിമർശനങ്ങൾക്കിടെ ശേഷാദ്രിനാഥന് ഗ്രീൻ സിഗ്നൽ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിന് ഗവർണറുടെ അംഗീകാരം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥന്റെ നിയമനത്തിന് ഗവർണർ അംഗീകാരം നൽകി. നിയമന ഉത്തരവിൽ ഗവർണർ ഒപ്പുവെച്ചതോടെയാണ് നിയമനം ഔദ്യോഗികമായത്.

ജില്ലാ ജഡ്ജിയായി വിരമിച്ച എൻ. ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. സംഘപരിവാർ ബന്ധം ആരോപിച്ചും ബിജെപി അനുകൂല സമൂഹമാധ്യമ പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പരാതി അറിയിക്കുമെന്നും, വിവാദത്തിന് പിന്നാലെ ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കിയെന്നും പി.എം. നിയാസ് ആരോപിച്ചിരുന്നു.

അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. നിയമനം തന്റെ അറിവോടെയാണെന്നും മന്ത്രി പ്രതികരിച്ചു.

ശേഷാദ്രിനാഥന് കോൺഗ്രസ് വിരുദ്ധ പശ്ചാത്തലമാണെന്നും ഈ നിയമനം പാർട്ടി പ്രവർത്തകരുടെ വികാരത്തിന് എതിരാണെന്നും ആരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗവും രംഗത്തെത്തിയിരുന്നു.

2021 മുതൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എ. ഷാജഹാൻ വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് മുൻ ജില്ലാ ജഡ്ജിയായ എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. കോൺഗ്രസ് അനുഭാവികളായ മറ്റ് ചിലരുടെ പേരുകളും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും, മുഖ്യമന്ത്രിയുടെ നിലപാടാണ് ശേഷാദ്രിനാഥന്റെ നിയമനത്തിന് അനുകൂലമായതെന്നാണ് ലഭിക്കുന്ന വിവരം.

You may also like