Home Keralaവധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട വി.കെ. നിഷാദ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്; തെരഞ്ഞെടുപ്പിൽ വിവാദം

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട വി.കെ. നിഷാദ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്; തെരഞ്ഞെടുപ്പിൽ വിവാദം

by news_desk1
0 comments

കണ്ണൂർ: വധശ്രമക്കേസിൽ കോടതി ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തത് വിവാദമായി. പയ്യന്നൂർ സ്വദേശിയായ വി.കെ. നിഷാദിനെയാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. തലശ്ശേരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി 20 വർഷം തടവിന് ശിക്ഷിച്ച ആളാണ് നിഷാദ്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു അദ്ദേഹം പ്രതിയായത്.

ജയിലിൽ കഴിയുന്നതിനിടെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ് പയ്യന്നൂർ നഗരസഭ കൗൺസിലറായി വിജയിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് കേസിൽ കോടതി 20 വർഷത്തെ തടവുശിക്ഷ വിധിച്ചത്.

തുടർന്ന് ഡിസംബർ 26-ന് പരോളിൽ പുറത്തിറങ്ങിയിരുന്നു. ശിക്ഷ ലഭിച്ച് ഒരു മാസം പിന്നിടും മുമ്പ് പരോൾ അനുവദിച്ചതും അന്ന് വിവാദമായിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിൽ പുറത്തിറങ്ങിയ ശേഷം പരോൾ ചട്ടങ്ങൾ ലംഘിച്ച് സി.പി.എം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതും നേരത്തെ വിവാദമായിരുന്നു.

You may also like