Home Nationalകോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിൽ പങ്കെടുത്തു; ഗസ്റ്റ് അധ്യാപികയ്ക്ക് സസ്‌പെൻഷൻ

കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിൽ പങ്കെടുത്തു; ഗസ്റ്റ് അധ്യാപികയ്ക്ക് സസ്‌പെൻഷൻ

by news_desk1
0 comments

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഗസ്റ്റ് അധ്യാപികയെ സസ്‌പെൻഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്. റോഹ്തക്കിലെ സർക്കാർ സ്കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ന്യൂഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി.

റോഹ്തക്ക് ജില്ലാ എലിമെന്ററി വിദ്യാഭ്യാസ ഓഫീസർ ജൂൺ 10-നാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. ജൂൺ 8 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് സുലേഖ ദലാലിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്ന് വിട്ടുപോയതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ നടപടിക്ക് കാരണമായ മറ്റ് വിശദാംശങ്ങൾ ഉത്തരവിൽ പ്രത്യേകം പരാമർശിച്ചിട്ടില്ല.

ജൂൺ 6-ന് നടന്ന പ്രതിഷേധത്തിൽ സുലേഖ ദലാൽ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന മകന്റെ അമ്മ എന്ന നിലയിലാണ് താൻ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചതെന്ന് സുലേഖ ദലാൽ പ്രതികരിച്ചു.

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കോക്രോച്ച് ജനത പാർട്ടി സ്ഥാപകനായ അഭിജീത്ത് ദീപ്കേയുടെ ആഹ്വാനത്തെ തുടർന്നാണ് ജന്തർ മന്ദിറിൽ പ്രതിഷേധം നടന്നത്.

You may also like