ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരായി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ എസ്. സന്ദീപ്, ആർ. അരുണ്‍, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.
തങ്ങളെ വേട്ടയാടുകയാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതി എടുക്കട്ടെയെന്നും ഗൺമാൻ അനിൽ കല്ലിയൂർ പ്രതികരിച്ചു.
കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ രാവിലെ 10 മണിക്ക് ഹാജരാകാനായിരുന്നു കോടതി നിർദേശം.
രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെ പ്രതികളെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനാകും. കേസിൽ ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ജാമ്യത്തിലുമാണ് വിട്ടയക്കേണ്ടതെന്ന വ്യവസ്ഥയും ജാമ്യ ഉത്തരവിലുണ്ട്.
പ്രതികളോടുള്ള ചോദ്യം ചെയ്യൽ അടുത്ത രണ്ട് ദിവസവും തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

