തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുഡിഎഫ് സർക്കാർ നിയമസഭയിൽ ധവളപത്രം പുറത്തിറക്കി. നിലവിൽ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് ധവളപത്രം ചൂണ്ടിക്കാണിക്കുന്നു. ഖജനാവിലേക്ക് എത്തുന്ന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവ നൽകാനായി മാത്രമാണ് ചെലവഴിക്കുന്നത്. കിഫ്ബിക്ക് മാത്രം 21,000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു. കേന്ദ്ര വിഹിതത്തിലും സഹായങ്ങളിലും വലിയ കുറവുണ്ടായതായി സർക്കാർ സമ്മതിക്കുന്നുണ്ട്. അതേസമയം, 2026 ഏപ്രിലിൽ ഖജനാവിൽ 5,263.74 കോടി രൂപയുടെ നീക്കിയിരിപ്പ് ഉണ്ടായിരുന്നുവെന്ന മുൻ എൽഡിഎഫ് സർക്കാരിന്റെ അവകാശവാദം പുതിയ ധവളപത്രത്തിൽ ശരിവെയ്ക്കുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ മെയ് 16-ലെ കണക്കനുസരിച്ച് ട്രഷറിയിൽ മിച്ചമുണ്ടായിരുന്നത് 2,211.96 കോടി രൂപ മാത്രമാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ധവളപത്രം പങ്കുവെക്കുന്നത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടിയാണ്. ഇതിന് പുറമെ, ഇനി ധനസഹായം നൽകി പൂർത്തിയാക്കേണ്ട പദ്ധതികൾക്കായി 35,000 കോടിയിലധികം രൂപ വേണം. കിഫ്ബിയുടെ കടം യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ പൊതുക്കടമായാണ് സിഎജി വിലയിരുത്തുന്നത്. കിഫ്ബിയുടെ വായ്പാ ചെലവ് സർക്കാരിന്റെ നേരിട്ടുള്ള വായ്പാ നിരക്കിനേക്കാൾ 1 മുതൽ 1.5 ശതമാനം വരെ കൂടുതലാണെന്നത് ബാധ്യത വർദ്ധിപ്പിക്കുന്നു. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും വലിയ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. 2024-25 വർഷത്തിൽ വാട്ടർ അതോറിറ്റിയുടെ നഷ്ടം 7,156.8 കോടി രൂപയാണ്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഈ നഷ്ടം ഇരട്ടിയായി വർദ്ധിച്ചു. വാട്ടർ അതോറിറ്റിയുടെ ആകെ കടം 317.68 കോടിയാണ്. കൊച്ചി മെട്രോയ്ക്ക് പ്രതിമാസം 35 കോടി രൂപയുടെ നഷ്ടമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കെഎസ്ആർടിസിയുടെ നഷ്ടം 1,580 കോടി രൂപയായിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന ഖജനാവിന് ഭാരമാകാതെ സാമ്പത്തിക വളർച്ചയ്ക്ക് പ്രചോദനമാകുന്ന രീതിയിൽ പുനഃസംഘടിപ്പിക്കണമെന്നാണ് ധവളപത്രത്തിലെ പ്രധാന നിർദ്ദേശം. കെഎസ്ഇബി പോലുള്ള പ്രധാന സ്ഥാപനങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കണം. സാമൂഹ്യ ഉത്തരവാദിത്തങ്ങൾ നിലനിർത്തേണ്ടതുണ്ടെങ്കിലും സ്ഥാപനങ്ങളിലെ സാമ്പത്തിക ദുരുപയോഗങ്ങൾ ഒട്ടും ന്യായീകരിക്കാൻ കഴിയില്ല. സബ്സിഡികൾ സ്ഥാപനങ്ങൾക്ക് മൊത്തമായി നൽകുന്നതിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് ഡിബിടി (Direct Benefit Transfer) വഴി ലഭ്യമാക്കണം. ഉപഭോക്തൃ നിരക്കുകൾ വഴി ചെലവ് തിരിച്ചുപിടിക്കാൻ കഴിയാത്ത പൊതുപ്രയോജന സേവനങ്ങൾക്ക് സർക്കാർ പൂർണ്ണ സബ്സിഡി നൽകണമെന്നും, ആഭ്യന്തരമായി വൈദ്യുതി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കണമെന്നും ധവളപത്രത്തിൽ സർക്കാർ നിർദ്ദേശിക്കുന്നു.

