Home Nationalഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; നിർണായക യോഗത്തിൽ മൂന്ന് എംപിമാർ മാത്രം, വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിക്ക് ശിവസേന

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; നിർണായക യോഗത്തിൽ മൂന്ന് എംപിമാർ മാത്രം, വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിക്ക് ശിവസേന

by news_desk1
0 comments

ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് വലിയ തിരിച്ചടി. പാർട്ടിയിൽ പിളർപ്പിന്റെ സൂചനകൾ ശക്തമാകുന്നതിനിടെ ദില്ലിയിൽ നടന്ന നിർണായക പാർലമെന്ററി യോഗത്തിൽ മൂന്ന് എംപിമാർ മാത്രം പങ്കെടുത്തു. ഒൻപത് എംപിമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് പാർട്ടി വിപ്പ് നൽകിയിരുന്നെങ്കിലും ആറുപേരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്.

എംപിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായ്, രാജുഭാവ് വാജെ എന്നിവർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയുടെ ഏക രാജ്യസഭാ എംപിയായ സഞ്ജയ് റാവത്തും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ പങ്കെടുക്കാതിരുന്ന എംപിമാർ പാർട്ടി വിപ്പ് ലംഘിച്ചതായി സഞ്ജയ് റാവത്ത് ആരോപിച്ചു. ഇവർക്കെതിരെ നടപടി ആരംഭിച്ചുവെന്നും കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ നിയമനടപടികളുമായി മുന്നോട്ട് പോകുകയും എംപിമാരുടെ അംഗത്വം റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച സഞ്ജയ് റാവത്ത്, ഇത് തന്ത്രമല്ല ചതിയാണെന്നും വിമർശിച്ചു. യോഗത്തിൽ നിന്ന് വിട്ടുനിന്നവർ ഇപ്പോഴും പാർട്ടി അംഗങ്ങളും ശിവസേനയുടെ ചിഹ്നത്തിൽ വിജയിച്ചവരുമാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി വിപ്പ് ലംഘിച്ചിട്ടുണ്ടെങ്കിൽ അവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മഹാരാഷ്ട്രയിലെ രാഷ്ട്രീയം ബിജെപി വൃത്തികെട്ടതാക്കിയെന്നും അതിന് വില നൽകേണ്ടിവരുമെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

You may also like