Home Internationalഅമേരിക്ക-ഇറാൻ ധാരണയിൽ 14 നിർദേശങ്ങൾ; 60 ദിവസത്തിനുള്ളിൽ അന്തിമകരാറിലേക്ക് നീക്കം

അമേരിക്ക-ഇറാൻ ധാരണയിൽ 14 നിർദേശങ്ങൾ; 60 ദിവസത്തിനുള്ളിൽ അന്തിമകരാറിലേക്ക് നീക്കം

by news_desk1
0 comments

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട് 14 പ്രധാന ധാരണകൾ രൂപപ്പെട്ടതായി സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യ റിപ്പോർട്ട് ചെയ്തു. ലെബനൻ ഉൾപ്പെടെ മേഖലകളിലെ യുദ്ധം ഉടൻ സ്ഥിരമായി അവസാനിപ്പിക്കുമെന്നും ശത്രുതാപരമായ നടപടികൾ സ്വീകരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയും ഇറാനും പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല. ഇരുരാജ്യങ്ങളും പരമാവധി 60 ദിവസത്തിനുള്ളിൽ ചർച്ചകൾ പൂർത്തിയാക്കി അന്തിമകരാറിലെത്തണം. പരസ്പര ധാരണ പ്രകാരം ഈ സമയപരിധി നീട്ടാനും വ്യവസ്ഥയുണ്ട്.

സമാധാന കരാറിന്റെ പൂർണ വിവരങ്ങൾ രണ്ട് ദിവസത്തിനകം പുറത്തുവിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായെന്നും മേഖലയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ആഗോള സമുദ്ര പാതകളിലെ നാവികരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കണം, 30 ദിവസത്തിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കണം, അന്തിമകരാറിന് ശേഷം 30 ദിവസത്തിനുള്ളിൽ അമേരിക്കൻ സൈന്യം പ്രദേശങ്ങളിൽ നിന്ന് പിന്മാറണം എന്നീ നിർദേശങ്ങളും ധാരണയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പേർഷ്യൻ ഗൾഫിൽ നിന്നും ഒമാനിലേക്കും തിരിച്ചുമുള്ള വ്യാപാര കപ്പൽ ഗതാഗതം യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കാനും തീരുമാനമായതായി റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് 300 ബില്യൺ ഡോളർ സഹായം നൽകണമെന്നും, അന്തിമകരാർ നിലവിൽ വരുന്നതുവരെ നിലവിലെ സാഹചര്യം തുടരുമെന്നും ധാരണയുണ്ട്. ഇറാൻ തങ്ങളുടെ നിലവിലെ ആണവ പദ്ധതിയുടെ നില തുടരുമെന്നും, അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയോ മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുകയോ ചെയ്യില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉപരോധം പൂർണമായും പിൻവലിക്കുന്നതുവരെ ഇറാന്റെ അസംസ്കൃത എണ്ണ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, അവയുടെ അനുബന്ധ സേവനങ്ങളായ ബാങ്കിംഗ്, ഇൻഷുറൻസ്, ഗതാഗത മേഖലകൾ എന്നിവയ്ക്ക് അമേരിക്കൻ ട്രഷറി വകുപ്പ് ഇളവുകൾ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുമെന്നും ഇറാൻ ആണവായുധം നിർമിക്കില്ലെന്നും ധാരണയിൽ ഉൾപ്പെട്ടിട്ടുണ്ട്.

You may also like