Home Top Stories9 മണിക്കൂർ നീണ്ട ഇഡി ചോദ്യം ചെയ്യൽ; സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണാ മൊഴിനൽകി

9 മണിക്കൂർ നീണ്ട ഇഡി ചോദ്യം ചെയ്യൽ; സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണാ മൊഴിനൽകി

by news_desk1
0 comments

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണാ ടിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂർ നീണ്ടു. ചോദ്യം ചെയ്യലിന് ശേഷം വീണ മടങ്ങി.

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിയോടെയാണ് വീണാ ടി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായത്. ഇഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളിൽ ഇഡി വിശദീകരണം തേടി. സേവനം നൽകാതെയാണ് സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതെന്ന കണ്ടെത്തലുമായി ബന്ധപ്പെട്ടും അന്വേഷണസംഘം ചോദ്യങ്ങൾ ഉന്നയിച്ചു. ലഭിച്ച തുക എങ്ങനെ വിനിയോഗിച്ചു, സ്വത്തുക്കൾ വാങ്ങിയിട്ടുണ്ടോ, നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടോ, എംപവർ ഇന്ത്യ സ്ഥാപനത്തിൽ നിന്ന് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പയുടെ സാഹചര്യങ്ങൾ എന്തായിരുന്നു, എത്ര തുക തിരിച്ചടച്ചു, വായ്പത്തുക എന്തിന് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളിലും വിശദീകരണം തേടി.

ആദ്യ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിക്കപ്പെട്ട സാഹചര്യം, സേവനം നൽകാതെയാണ് വൻതുക കൈപ്പറ്റിയതെന്ന എസ്എഫ്‌ഐഒ കണ്ടെത്തലിനെക്കുറിച്ചുള്ള പ്രതികരണം, സിഎംആർഎല്ലുമായുള്ള ബന്ധം, മരവിപ്പിച്ച എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിന് പുറമേ മറ്റ് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടോ, അബുദാബിയിലെ ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദ്യം ചെയ്യലിൽ ഉൾപ്പെട്ടതായി വിവരമുണ്ട്. സിഎംആർഎൽ ഉദ്യോഗസ്ഥർ മുമ്പ് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലും ചോദ്യങ്ങൾ ചോദിച്ചതായാണ് സൂചന.

ഇന്നലെ സിഎംആർഎൽ എംഡി ശരൺ എസ്. കർത്തയെയും ജയ എസ്. കർത്തയെയും ഇഡി ചോദ്യം ചെയ്തിരുന്നു. എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ജയ എസ്. കർത്ത. ഈ സ്ഥാപനം വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നു. ആദ്യ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യൽ.

തിങ്കളാഴ്ച സിഎംആർഎൽ ഡയറക്ടറായ ഷിബി എസ്. കർത്തയെയും ഇഡി ചോദ്യം ചെയ്തിരുന്നു. സിഎംആർഎല്ലുമായി ബന്ധമുള്ള നിപുണ ഇന്റർനാഷണൽസിന്റെ പ്രധാന ചുമതലയും ഷിബിക്കാണ്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടികയിലുള്ള സ്ഥാപനമാണ് നിപുണ ഇന്റർനാഷണൽ.

മുമ്പ് ഇഡി സമൻസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ച് വീണ ഇ-മെയിൽ അയച്ചിരുന്നു. രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടിരുന്ന വീണ, ആവശ്യമായ രേഖകൾ അഭിഭാഷകൻ മുഖേന സമർപ്പിക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇത്രയും സമയം അനുവദിക്കാതെ ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും സമൻസ് അയയ്ക്കുകയായിരുന്നു.

You may also like