Home Keralaകാട്ടാന ആക്രമണബാധിത മേഖല സന്ദർശിക്കാനെത്തിയ വനംമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ കാട്ടാന; യാത്ര തടസപ്പെട്ടു

കാട്ടാന ആക്രമണബാധിത മേഖല സന്ദർശിക്കാനെത്തിയ വനംമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ കാട്ടാന; യാത്ര തടസപ്പെട്ടു

by news_desk1
0 comments

തൃശൂർ: അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ കാട്ടാന ഇറങ്ങി. ഞായറാഴ്ച രാത്രി വാഴച്ചാൽ–ചാർപ്പ മേഖലയിൽ നടന്ന സംഭവത്തെ തുടർന്ന് മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര താൽക്കാലികമായി തടസപ്പെട്ടു.

വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുന്നതിനിടെയാണ് ചാർപ്പയിൽ കാട്ടാന റോഡിൽ നിലയുറപ്പിച്ചത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കാട്ടാനയെ സുരക്ഷിതമായി വനത്തിനുള്ളിലേക്ക് തുരത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

ഇതിനിടെ അതിരപ്പിള്ളി വൈശേരിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീട് മന്ത്രി സന്ദർശിച്ചു. കുടുംബാംഗങ്ങളുമായും പ്രദേശവാസികളുമായും കൂടിക്കാഴ്ച നടത്തിയ മന്ത്രി, ഒരു മണിക്കൂറിലേറെ സമയം അവരുടെ പരാതികളും ആശങ്കകളും കേട്ടറിഞ്ഞു.

ജനവാസ മേഖലയിലേക്ക് കാട്ടാനകൾ പതിവായി എത്തുന്ന സാഹചര്യം ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്ത് ആനകളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി തെർമൽ ഇമേജിങ് ഡ്രോണുകൾ വിന്യസിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. സോളാർ ഫെൻസിങ്, സുരക്ഷാ കിടങ്ങുകൾ (ട്രഞ്ച്), നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന മൂന്ന് തല പ്രതിരോധ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രശ്നകാരിയായ കാട്ടാനയെ മറ്റൊരു വനമേഖലയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. വനാതിർത്തി മേഖലകളിൽ ജീവനക്കാരുടെ കുറവ് വലിയ വെല്ലുവിളിയാണെന്നും 15 കിലോമീറ്റർ പരിധിയിൽ വെറും 25 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മെയ് 30-നാണ് അതിരപ്പിള്ളി വൈശേരിയിൽ കാട്ടാന ആക്രമണത്തിൽ പുല്ലേർക്കാട് മോഹനൻ (65) മരിച്ചത്. വീടിന് സമീപം എത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ശക്തമായ പ്രതിഷേധവും സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

You may also like