തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകി പണം തട്ടുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ പരിശോധന ശക്തമാക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സ്ത്രീകൾക്കായി അനുവദിച്ച സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകുന്നത് സ്വന്തം സംവിധാനത്തെ തന്നെ തകർക്കുന്ന നടപടിയാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ കണ്ടെത്തിയാൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രിയദർശിനി ബസ് ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാർ തടയുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും, അത്തരം സംഭവങ്ങളിൽ ശക്തമായ നിയമനടപടി തുടരുമെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി ബസ് ജീവനക്കാർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇത്തരം നിയമലംഘനങ്ങൾക്ക് ആരും മുതിരാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതിനായി രൂപീകരിച്ച പദ്മകുമാർ കമ്മിറ്റിയുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കെഎസ്ആർടിസിയുടെയും സ്വകാര്യ ബസ് മേഖലയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള നിർദേശങ്ങളാണ് കമ്മിറ്റിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സാമ്പത്തിക പിന്തുണയോടെയാണ് പ്രിയദർശിനി ബസ് സർവീസ് നടത്തുന്നതെന്നും, ഗവി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രിയദർശിനി ബസുകളിലെ നിലവിലെ തിരക്ക് ക്രമേണ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
