Home Localപൂർണ്ണത്രയീശന്റെ ശീവേലി മുടക്കി ദേവസ്വം ബോർഡിന്റെ ‘ആനക്കച്ചവടം’; ഭക്തർ വഴിപാടായി നൽകിയ ആനകൾ ലക്ഷങ്ങൾക്കായി പുറത്തേക്ക്.

പൂർണ്ണത്രയീശന്റെ ശീവേലി മുടക്കി ദേവസ്വം ബോർഡിന്റെ ‘ആനക്കച്ചവടം’; ഭക്തർ വഴിപാടായി നൽകിയ ആനകൾ ലക്ഷങ്ങൾക്കായി പുറത്തേക്ക്.

by news_desk3
0 comments

തൃപ്പൂണിത്തുറ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ആനകളെ സ്വന്തം ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്ക് നൽകാതെ ഉയർന്ന തുകയ്ക്ക് സ്വകാര്യ ഉത്സവങ്ങൾക്ക് വിട്ടുനൽകുന്നതായി പരാതി. ആനകളുടെ ലഭ്യതക്കുറവ് മൂലം തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പ് മണിക്കൂറുകളോളം വൈകിയത് ഭക്തർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ പുലർച്ചെ നടക്കേണ്ടിയിരുന്ന ശീവേലി എഴുന്നള്ളിപ്പ് ആനയില്ലാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നടത്തിയത്. നിത്യനിദാന ചടങ്ങുകൾ ഇത്തരത്തിൽ വൈകുന്നത് ക്ഷേത്ര ആചാരങ്ങളുടെ ലംഘനമാണെന്ന് ഭക്തർ ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം ബോർഡിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് ആനകളെ വൻ തുകയ്ക്ക് മറ്റ് ജില്ലകളിലെ ഉത്സവങ്ങൾക്ക് മറിച്ചുനൽകുന്നതായി ആക്ഷേപമുണ്ട്. സ്വന്തം ക്ഷേത്രങ്ങളിൽ ആനയെ നൽകാതെ ലാഭം കൊയ്യാനാണ് ബോർഡ് മുൻഗണന നൽകുന്നത്.
ബോർഡിന് സ്വന്തമായി ആനകളുള്ളപ്പോൾ തന്നെ, ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്കായി പുറത്തുനിന്ന് 10,500 രൂപ വരെ നൽകി ആനകളെ വാടകയ്ക്ക് എടുക്കേണ്ടി വരുന്നത് സാമ്പത്തിക ക്രമക്കേടിന്റെ സൂചനയാണെന്ന് ആരോപിക്കപ്പെടുന്നു.

എറണാകുളം ശിവകുമാർ, രവിപുരം ഗോവിന്ദൻ, പഴയന്നൂർ ശ്രീരാമൻ, കൊടുങ്ങല്ലൂർ ദേവീദാസൻ, കൊടുങ്ങല്ലൂർ അച്യുതൻകുട്ടി എന്നീ ആനകളെയാണ് പ്രധാനമായും ലാഭത്തിനായി മറ്റിടങ്ങളിലേക്ക് അയക്കുന്നത്. തൃപ്പൂണിത്തുറ, ചോറ്റാനിക്കര, തൃപ്രയാർ എന്നീ ക്ഷേത്രങ്ങളിൽ ശീവേലിക്ക് ആന നിർബന്ധമാണ്. എന്നാൽ ആനകൾക്ക് മദപ്പാടാണെന്ന് തെറ്റായ റിപ്പോർട്ടുകൾ നൽകി എഴുന്നള്ളിപ്പുകളിൽ നിന്ന് ഇവരെ ഒഴിവാക്കുകയും പിന്നീട് രഹസ്യമായി സ്വകാര്യ ഉത്സവങ്ങൾക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതായാണ് വിവരം.
ഭക്തർ വഴിപാടായി സമർപ്പിച്ച ആനകളെ ക്ഷേത്ര കാര്യങ്ങൾക്ക് ഉപയോഗിക്കാതെ ബിസിനസ് ലക്ഷ്യത്തോടെ കൈകാര്യം ചെയ്യുന്നതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഭക്തജന സംഘടനകളുടെ തീരുമാനം.
വിഷയത്തിൽ ദേവസ്വം ഉന്നത അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ആചാരങ്ങൾ തടസ്സപ്പെടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം ശക്തമാകുന്നത്.

You may also like