Home Sports‘അത് ദൈവനിശ്ചയം’; സഞ്ജുവിന്റെ തിരിച്ചുവരവിന് പിന്നിലെ കാരണം വ്യക്തമാക്കി ബാറ്റിംഗ് കോച്ച്

‘അത് ദൈവനിശ്ചയം’; സഞ്ജുവിന്റെ തിരിച്ചുവരവിന് പിന്നിലെ കാരണം വ്യക്തമാക്കി ബാറ്റിംഗ് കോച്ച്

by news_desk
0 comments

മുംബൈ: 2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന്റെ ടീമിലേക്കുള്ള തിരിച്ചുവരവിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്. ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായിരുന്ന സഞ്ജുവിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് തന്ത്രപരമായ തീരുമാനമായിരുന്നുവെന്നും പിന്നീടത് ദൈവനിശ്ചയമായെന്ന് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നീ മൂന്ന് ഇടംകൈയ്യൻ ബാറ്റർമാരായിരുന്നു തുടർച്ചയായി ഇറങ്ങിയത്. ഇതിനെ മുതലെടുത്ത് എതിരാളികൾ തുടക്കത്തിൽ ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് ഇന്ത്യൻ വിക്കറ്റുകൾ വേഗത്തിൽ വീഴ്ത്തിയിരുന്നു. ആദ്യ ഓവറുകളിലെ ഈ പ്രശ്നം നാല് മത്സരങ്ങളിൽ ആവർത്തിച്ചതോടെയാണ് സഞ്ജുവിനെ ഓപ്പണറായി ഉൾപ്പെടുത്താൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്.

സഞ്ജുവിനെ ടീമിൽ എത്തിക്കുന്നതിനായി ഒരു വിക്കറ്റ് കീപ്പർ മാത്രമെന്ന പതിവ് രീതിയും ഇന്ത്യ മാറ്റിയതായി കൊട്ടക് പറഞ്ഞു. രണ്ട് വിക്കറ്റ് കീപ്പർമാരുമായി കളിക്കാൻ തീരുമാനിച്ചതോടെ സഞ്ജു കീപ്പിംഗ് ഏറ്റെടുത്തപ്പോൾ ഇഷാൻ കിഷൻ ഫീൽഡറായി മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പണിംഗിൽ ഇടംകൈ–വലംകൈ കോമ്പിനേഷൻ ഒരുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. റിങ്കു സിംഗിന് താഴ്ന്ന സ്ഥാനത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കാത്ത സാഹചര്യവും സഞ്ജുവിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയതായി കൊട്ടക് വ്യക്തമാക്കി.

സൂപ്പർ 8 ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരം, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ പോരാട്ടം, ഫൈനലിൽ ന്യൂസിലൻഡിനെതിരായ മത്സരം എന്നിവയിൽ സഞ്ജു തുടർച്ചയായി നിർണായക ഇന്നിംഗ്സുകൾ കളിച്ചു. 31 കാരനായ താരത്തിന്റെ പക്വതയാർന്ന ബാറ്റിംഗും സമ്മർദ്ദഘട്ടങ്ങളിലെ ആത്മവിശ്വാസവും ഇന്ത്യയെ വീണ്ടും ലോകകിരീടത്തിലേക്ക് നയിച്ചതായാണ് വിലയിരുത്തൽ.

സഞ്ജു ഓപ്പണറായി എത്തിയതോടെ മധ്യനിരയിൽ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ സാധിച്ചതായും കൊട്ടക് പറഞ്ഞു. ബാറ്റിംഗ് നിരയിലെ ഈ ഫ്ലെക്സിബിലിറ്റിയാണ് സെമിയിൽ ശിവം ദുബെയെയും ഫൈനലിൽ ഹാർദിക് പാണ്ഡ്യയെയും നേരത്തെ ഇറക്കാനുള്ള തന്ത്രത്തിന് സഹായമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like