ടെഹ്റാൻ: മധ്യപൂർവ്വേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ അമേരിക്കക്ക് കഴിയുമെന്നും അത് ഒരു മണിക്കൂറിനുള്ളിൽ നടപ്പാക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ അത്തരമൊരു നടപടി ഇറാൻ പുനർനിർമിക്കാൻ 25 വർഷം വരെ വേണ്ടിവരുമെന്നും അതിനാൽ അതിലേക്ക് പോകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയും രംഗത്തെത്തി. ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ ആക്രമിക്കുകയാണെങ്കിൽ അരമണിക്കൂറിനുള്ളിൽ മുഴുവൻ മേഖലയും ഇരുട്ടിലാകുമെന്നും അത്തരമൊരു സാഹചര്യത്തിൽ സുരക്ഷ തേടി ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടാൻ ഇറാൻ തയ്യാറാണെന്നും ലാരിജാനി മുന്നറിയിപ്പ് നൽകി.
അതേസമയം ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി വ്യക്തമാക്കി. മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും പൂട്ടണമെന്നാവശ്യപ്പെട്ട അദ്ദേഹം, അതല്ലെങ്കിൽ അവയ്‌ക്കെതിരെ ആക്രമണം തുടരുമെന്നും പറഞ്ഞു.
പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷം പുറത്തിറക്കിയ ആദ്യ സന്ദേശത്തിലാണ് മൊജ്തബ ഖമേനി ഈ മുന്നറിയിപ്പ് നൽകിയത്. കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവിനെയും മറ്റ് സാധാരണ പൗരന്മാരെയും ഉൾപ്പെടെ ‘രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നും’ അദ്ദേഹം വ്യക്തമാക്കി. അതേസമയം ആക്രമണത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരവും നൽകുമെന്നും ഇറാൻ ഭരണകൂടം അറിയിച്ചു.
മേഖലയിലെ സംഘർഷാവസ്ഥ ശക്തമാകുന്നതിനാൽ പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്കകളും വർധിച്ചിരിക്കുകയാണ്.

