ലോസ് ആഞ്ചലസ്: തൊണ്ണൂറ്റിയെട്ടാമത് അക്കാദമി അവാർഡുകളിൽ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ശ്രദ്ധേയ നേട്ടം കൈവരിച്ചു. മികച്ച ചിത്രം, മികച്ച സംവിധാനം ഉൾപ്പെടെ ആറ് പ്രധാന പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
‘സിന്നേഴ്സ്’ എന്ന ചിത്രത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ജസ്സി ബക്ലി മികച്ച നടിക്കുള്ള പുരസ്കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ‘സിന്നേഴ്സ്’ ചിത്രത്തിന് ലഭിച്ചു.
‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷോൺ പെൻ മികച്ച സഹനടനുള്ള പുരസ്കാരം നേടിയത്. ‘വെപ്പൺസ്’ എന്ന ചിത്രത്തിലൂടെ എമി മാഡിഗൻ മികച്ച സഹനടിക്കുള്ള പുരസ്കാരവും നേടി. മികച്ച തിരക്കഥയ്ക്ക് ‘സിന്നേഴ്സ്’ മുഖേന റയാൻ കൂഗ്ലർ അവാർഡ് നേടിയപ്പോൾ മികച്ച അവലംബിത തിരക്കഥയ്ക്ക് ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മുഖേന പോൾ തോമസ് ആൻഡേഴ്‌സൺ തിരഞ്ഞെടുക്കപ്പെട്ടു.
പുതുതായി ഉൾപ്പെടുത്തിയ കാസ്റ്റിങ് ഡയറക്ഷൻ വിഭാഗത്തിലെ പുരസ്കാരം കസാൻഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി. മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദി സിങ്ങേഴ്സ്’യും ‘ടു പീപ്പിൾ എക്സ്ചേഞ്ചിങ് സലൈവ’യും പുരസ്കാരം പങ്കിട്ടു.
മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ് വിഭാഗത്തിൽ ‘ഫ്രാങ്കെൻസ്റ്റൈൻ’ ചിത്രം പുരസ്കാരം നേടി. മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യൂറെ എന്നിവർ പുരസ്കാര ജേതാക്കളായി. മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാർഡും ‘ഫ്രാങ്കെൻസ്റ്റൈൻ’ സ്വന്തമാക്കി. കേറ്റ് ഹോളെയാണ് ഈ വിഭാഗത്തിൽ പുരസ്കാരം നേടിയത്.
അക്കാദമി അവാർഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ ചിത്രങ്ങളിലൊന്നായ ‘സിന്നേഴ്സ്’ 16 നോമിനേഷനുകളുമായി മത്സര രംഗത്തെത്തിയപ്പോൾ, ലിയനാർഡോ ഡികാപ്രിയോ അഭിനയിച്ച ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ 13 നോമിനേഷനുകളോടെ പ്രധാന മത്സരാർത്ഥിയായി.

