അതി നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനം ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. ഗുണിച്ചും ഹരിച്ചും സ്ഥാനാർഥി പട്ടികകൾ ഒന്നിന് പിറകെ ഒന്നായി വന്നു കഴിഞ്ഞു. 10 വർഷത്തെ ഭരണം നൽകിയ ആത്മവിശ്വാസം കൈമുതലാക്കി ഇടതുപക്ഷം മൂന്നാം തവണയും തുടർഭരണം ലക്ഷ്യമിട്ടുകൊണ്ട് ഗോദയിൽ ഒരു പടി മുന്നിലാണ് അതിനൊപ്പം തന്നെ ഘട്ടംഘട്ടമായി പട്ടിക ഇറക്കി ബി.ജെ.പിയും എൻ.ഡി.എയും ഉണ്ട്. അവിടെയും അത്ഭുതവും ആശങ്കയും സൃഷ്ടിച്ചത് കോൺഗ്രസിന്റെ പട്ടിക വൈകിയതായിരുന്നു. സെമിഫൈനലുകളിൽ എല്ലാം ആദ്യം ഗോളടിച്ച് കോൺഗ്രസ് ഫൈനലിൽ കിതക്കുന്ന കാഴ്ചയാണ് തുടക്കം മുതൽ കാണാനായത്. അതിനിടയിലാണ് കെ സുധാകരൻ എംപിയുടെ നേതൃത്വത്തിൽ കണ്ണൂർ നിയമസഭാ സീറ്റ് ലക്ഷ്യമിട്ടുകൊണ്ട് നടന്ന സമ്മർദ്ദവും.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് പടിയിറക്കി വിടുമ്പോൾ തനിക്ക് കണ്ണൂരിൽ മത്സരിക്കാൻ അവസരം നൽകാമെന്ന് കേന്ദ്ര നേതൃത്വം പറഞ്ഞിരുന്നുവത്രേ. അതുകൊണ്ട് കണ്ണൂരിൽ തന്നെ സ്ഥാനാർഥിയാക്കണം എന്നുള്ള ആവശ്യത്തിൽ സുധാകരൻ ഉറച്ചുനിന്നു. സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കും അതോടൊപ്പം തന്നെ പുതിയ പാർട്ടി രൂപീകരിക്കും കൂടാതെ കേരളത്തിലെ 25 ഓളം മണ്ഡലങ്ങളിൽ സ്വതന്ത്രരായി തന്റെ അനുയായികളെ മത്സരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തലുമായി ഡൽഹിയിൽ തുടർന്നു. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസിനെ സംബന്ധിച്ച് സുപ്രധാനമായ ഇടമാണ് കേരളം. അങ്ങനെയൊരു സംസ്ഥാനത്തെ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഉണ്ടാകുമ്പോൾ എടുക്കുന്ന ഓരോ നിലപാടുകളും പറയുന്ന ഓരോ വാക്കുകളും ചരിത്രമാണ്. എംപിമാർ മത്സരിക്കേണ്ട എന്നുള്ള കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഗാർഗയുടെ നിലപാട് അടിമുടി മാറ്റം വരുത്താൻ രാഹുൽ ഗാന്ധിക്ക് പോലും കഴിയാതെ വന്നതോടെ വ്യാഴാഴ്ച പുലർച്ചയോടെ സുധാകരന് സീറ്റില്ലെന്ന് വ്യക്തമായി കഴിഞ്ഞു. പാർട്ടി വിടുന്നു എം.പി സ്ഥാനവും പ്രവർത്തകസമിതി സ്ഥാനവും രാജിവെക്കുന്നു കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുന്നു… കോൺഗ്രസ് ജീവനും ജീവിതവും നൽകിയ കെ സുധാകരൻ ആ പ്രസ്ഥാനത്തെ തന്നെ പരസ്യമായി വെല്ലുവിളിച്ച മണിക്കൂറുകൾ. അനുനയിപ്പിക്കാൻ എ.കെ ആന്റണിയും രമേശ് ചെന്നിത്തലയും രംഗത്തുവന്നു. നീണ്ട ഇടവേളയ്ക്കുശേഷം ഡൽഹിയിലേക്ക് എ.കെ ആൻറണിയുടെ ഫോൺ കോൾ. പിന്നാലെ രമേശ് ചെന്നിത്തലയും. സുധാകരൻ പിണങ്ങിയാൽ കേരളത്തിൽ കോൺഗ്രസ് അടിയോടെ ഒലിച്ചുപോകുമെന്ന് ഭയപ്പെടുത്തൽ.
പക്ഷേ അതിനു മുന്നിലും മുട്ടുമടക്കിയില്ല. തീരുമാനത്തിൽ എ.ഐ.സി.സി അധ്യക്ഷൻ ഉറച്ചുനിന്നതോടെ പാർട്ടിയെക്കാൾ വലുതല്ല താനെന്നുള്ള തുറന്നുപറച്ചിൽ നടത്തി. പാർട്ടിക്ക് വിധേയനാണെന്ന് തെളിയിച്ചു സുധാകരൻ കേരളത്തിലേക്ക് മടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനത്ത് നിർണയ ചർച്ചകൾ ആരംഭിച്ച നിമിഷം മുതൽ കോൺഗ്രസിനുള്ള രൂപം കൊണ്ടിരിക്കുന്നത് അധികാരത്തിന്റെയും ആർഭാടങ്ങളുടെയും കാലത്തിലേക്കുള്ള ചിലരുടെ അമിതമായ ആർത്തിയും ആവേശവും ആയിരുന്നു. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി എന്നുള്ള മനോഭാവത്തിലാണ് പല നേതാക്കളും പരസ്യമായും രഹസ്യമായും പ്രവർത്തിച്ചത്.സ്ഥാനാർത്ഥിപ്പട്ടിക പാതിരാ നീണ്ടുപോകുന്നതിനും. സുധാകരനും അടൂർ പ്രകാശും സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പിന്നിലും അത്തരം ചില ഗൂഢാലോചനകൾ കൂടിയുണ്ടെന്ന് വ്യക്തമാണ്. കോൺഗ്രസിന്റെ എല്ലാമെല്ലാമായിരുന്ന കെ കരുണാകരനെ ലഭിക്കാതിരുന്ന പ്രവിലേജാണ് ആ വഴിയിലൂടെ വന്നവർ തന്നെ സുധാകരൻ നൽകാൻ ശ്രമിച്ചത്.അവരും സുധാകരനും അറിയാത്ത ഒരു കാര്യമുണ്ട് കോൺഗ്രസുകാരൻ അല്ലാത്ത സുധാകരൻ വട്ടപ്പൂജ്യമാണെന്ന്.
സോഷ്യൽ മീഡിയയിലും തെരുവിലും കാണുന്ന ആൾക്കൂട്ടമല്ല യഥാർത്ഥ കോൺഗ്രസ്. ആശയത്തെയും പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്ക് വേണ്ടി ജീവനും ജീവിതവും സമർപ്പിച്ച ഒരുപറ്റം ദേശസ്നേഹികളായ നേതാക്കളെയും ഹൃദയത്തിലേറ്റ നടക്കുന്ന സാധാരണ പ്രവർത്തകനാണ് കോൺഗ്രസിന്റെ ശക്തി. ഇരുമ്പുമറയാണെന്ന് സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ കോൺഗ്രസുകാർ തന്നെ പലപ്പോഴും കളിയാക്കി പറയാറുണ്ട് .പക്ഷേ പലപ്പോഴും നിലപാടുകളുടെ കാര്യത്തിൽ കോൺഗ്രസ് അവരെ കണ്ടു പഠിക്കണം. പാർട്ടിയുടെ ആദ്യ കാലഘട്ടം മുതലുള്ള സമുന്നത നേതാവ് ജി സുധാകരൻ പാർട്ടിക്ക് എതിരായി നിന്ന് അതേ നിമിഷം തന്നെ കടക്ക് പുറത്ത് എന്ന് പറയാനുള്ള ആർജ്ജവം കാണിച്ചു സി.പി.എം. അവിടെ സ്വീകരിക്കേണ്ടത് ആ ശൈലിയാണ്. യുദ്ധസമാനമായ തെരഞ്ഞെടുപ്പ് യുദ്ധത്തിൽ കൂടെ നിന്ന് ചതിക്കുന്നത് ആരു തന്നെയാണെങ്കിലും അവരെ ചേർത്തു നിർത്തുന്നതിനേക്കാൾ നല്ലത് അകറ്റിനിർത്തുന്നതാണ്.

