ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ന് ആദ്യമായി ഇറങ്ങും. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ രാജസ്ഥാൻ റോയൽസിനെ നേരിടും. ഗുവാഹത്തിയിൽ വൈകിട്ട് 7.30ന് മത്സരത്തിന് തുടക്കമാകും.
ചെന്നൈയുടെ മഞ്ഞ ജഴ്സിയിൽ സഞ്ജുവിന്റെ അരങ്ങേറ്റം, അദ്ദേഹത്തെ ഐപിഎൽ താരമായി ഉയർത്തിയ രാജസ്ഥാൻ റോയൽസിനെതിരെയെന്ന പ്രത്യേകതയാണ് ഇന്നത്തെ മത്സരത്തിന്റെ പ്രധാന ആകർഷണം. മുൻ ടീമിന്റെ ശക്തിയും ദൗർബല്യവും നന്നായി അറിയുന്ന താരമായ രവീന്ദ്ര ജഡേജ രാജസ്ഥാന്റെ നിരയിൽ ഉണ്ടാകുന്നതും മത്സരത്തിന് ആവേശം കൂട്ടുന്നു.
സഞ്ജുവും ജഡേജയും നേർക്കുനേർ എത്തുന്ന പോരാട്ടം ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. തലമുറ മാറ്റത്തിന്റെ സൂചനകളുമായി സഞ്ജുവിന്റെ വരവ് ശ്രദ്ധേയമായിരിക്കുമ്പോൾ പരിക്കുകൾ ചെന്നൈ ക്യാമ്പിന് തിരിച്ചടിയായി. എം.എസ്. ധോണി, ഡെവാൾഡ് ബ്രേവിസ്, സ്പെൻസർ ജോൺസൻ എന്നിവർ ഇല്ലാതെയാണ് ചെന്നൈ ആദ്യ മത്സരത്തിനിറങ്ങുന്നത്.
ബാറ്റിംഗ് നിരയിൽ സഞ്ജു സാംസൺ, നായകൻ റുതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രേ, ശിവം ദുബേ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. ബ്രേവിസിന് പകരം സർഫറാസ് ഖാൻ ടീമിലെത്താൻ സാധ്യതയുണ്ട്. ധോണിയുടെ അഭാവത്തിൽ വിക്കറ്റ് കീപ്പിംഗ് ചുമതല സഞ്ജുവിന് തന്നെ ലഭിക്കുമെന്നാണ് സൂചന.
ജെയ്മി ഒവർട്ടൻ, ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ് എന്നിവരടങ്ങുന്ന പേസ് നിരയുടെ പ്രകടനവും നിർണായകമാകും. സ്പിൻ വിഭാഗത്തിൽ നൂർ അഹമ്മദ്, രാഹുൽ ചഹർ കൂട്ടുകെട്ടിലാണ് ചെന്നൈയുടെ പ്രതീക്ഷ.
രാജസ്ഥാൻ റോയൽസ് റിയാൻ പരാഗിന്റെ നായകത്വത്തിലാണ് ഇറങ്ങുന്നത്. യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ഷിംറോൺ ഹെറ്റ്മെയർ എന്നിവർ ബാറ്റിംഗ് നിരയുടെ കരുത്താകും. മധ്യനിരയിൽ പരാഗിനൊപ്പം ധ്രുവ് ജുറലും ഉണ്ടാകും. ജഡേജയും ദസുൻ ഷനകയും ഓൾറൗണ്ട് ചുമതല വഹിക്കുമ്പോൾ ജോഫ്ര ആർചർ, സന്ദീപ് ശർമ്മ, ആഡം മിൽനെ, രവി ബിഷ്ണോയ് എന്നിവർ ബൗളിംഗ് നിര നയിക്കും.
ഇരു ടീമുകളും ഇതുവരെ 31 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ചെന്നൈ 16 മത്സരങ്ങളും രാജസ്ഥാൻ 15 മത്സരങ്ങളും ജയിച്ചിട്ടുണ്ട്. ഗുവാഹത്തി മൈതാനത്ത് മഞ്ഞുവീഴ്ച സാധ്യത കൂടുതലായതിനാൽ ടോസ് നേടുന്ന ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാൻ സാധ്യതയേറെയാണ്.

