ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിന് ഉജ്ജ്വല തുടക്കം. ബർസപാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം വെറും 12.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത വൈഭവ് സൂര്യവംശിയുടെയും പക്വതയാർന്ന പ്രകടനം നടത്തിയ യശ്വസി ജയ്സ്വാളിന്റെയും മികവിലാണ് രാജസ്ഥാൻ അനായാസ വിജയം കുറിച്ചത്.
രാജസ്ഥാന് വേണ്ടി ഓപ്പണർ വൈഭവ് സൂര്യവംശി വെറും 17 പന്തിൽ 52 റൺസെടുത്ത് അർദ്ധ സെഞ്ച്വറി തികച്ചു. അഞ്ച് സിക്സറും നാല് ഫോറും ഉൾപ്പെടെയായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. അൻഷുൽ കാംബോജിന്റെ പന്തിൽ സർഫറാസ് ഖാന് ക്യാച്ച് നൽകിയാണ് വൈഭവ് പുറത്തായത്. വൺ ഡൗണായെത്തിയ ധ്രുവ് ജൂറൽ 9 പന്തിൽ 18 റൺസെടുത്ത് പുറത്തായി. മറുഭാഗത്ത് കരുതലോടെ ബാറ്റ് വീശിയ യശ്വസി ജയ്സ്വാൾ 36 പന്തിൽ 38 റൺസുമായും ക്യാപ്റ്റൻ റിയാൻ പരാഗ് 11 പന്തിൽ 14 റൺസുമായും പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിന് 19.4 ഓവറിൽ 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ (6) അടക്കമുള്ള പ്രമുഖ ബാറ്റർമാർ നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച ജാമി ഓവർട്ടണാണ് ചെന്നൈ സ്കോർ 120 കടത്തിയത്. 36 പന്തിൽ 43 റൺസെടുത്ത ഓവർട്ടണാണ് ചെന്നൈയുടെ ടോപ് സ്കോറർ. രാജസ്ഥാൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനം ചെന്നൈ നിരയെ തുടക്കത്തിലേ സമ്മർദ്ദത്തിലാക്കിയിരുന്നു.

