Home Entertainmentകൊമേഴ്‌സ്യൽ വിജയം കുറവെന്ന് അറിയാമെങ്കിൽ പ്രതിഫലം കുറക്കും: ടൊവിനോ തോമസ്

കൊമേഴ്‌സ്യൽ വിജയം കുറവെന്ന് അറിയാമെങ്കിൽ പ്രതിഫലം കുറക്കും: ടൊവിനോ തോമസ്

by news_desk1
0 comments

കൊച്ചി: ചില സിനിമകൾ തിയേറ്ററിൽ വലിയ വിജയമാകില്ലെന്ന് മുൻകൂട്ടി മനസ്സിലാകുന്ന സാഹചര്യത്തിൽ അത്തരം ചിത്രങ്ങളിൽ പ്രതിഫലം കുറയ്ക്കുകയോ നിക്ഷേപിക്കാൻ പോലും തയ്യാറാകുകയോ ചെയ്യാറുണ്ടെന്ന് നടൻ ടൊവിനോ തോമസ്.

‘അദൃശ്യ ജാലകങ്ങൾ’ പോലുള്ള സിനിമകൾ വാണിജ്യവിജയം നേടില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അത്തരം ചിത്രങ്ങളിൽ തന്റെ പ്രതിഫലം കുറയ്ക്കുകയോ, ആവശ്യമെങ്കിൽ നിക്ഷേപം നടത്തുകയോ ചെയ്യുമെന്ന് ടൊവിനോ വ്യക്തമാക്കി. ഇത്തരത്തിലുള്ള സിനിമകളുടെ ഭാഗമാകുന്നത് തനിക്ക് ഇഷ്ടമാണെന്നും താരം പറഞ്ഞു.

ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം. തുടർച്ചയായി വലിയ ബജറ്റിലുള്ള സിനിമകളിൽ അഭിനയിക്കുന്നത് തന്റെ കഴിവ് മാത്രമല്ല, നടനെന്ന നിലയിലെ വിശ്വാസ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

“എന്നെ നായകനാക്കി സിനിമ നിർമിക്കുമ്പോൾ മുടക്കിയ പണം തിരിച്ചുകിട്ടുമെന്ന് നിർമാതാക്കൾ വിശ്വസിക്കുന്നതാണ്. എന്നാൽ ഞാൻ ഒരിക്കലും സൂപ്പർസ്റ്റാർ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല. വലിയ സിനിമകൾക്കൊപ്പം ചെറിയ സിനിമകളും ഒരുപോലെ ചെയ്യാനാണ് എന്റെ ലക്ഷ്യം,” ടൊവിനോ പറഞ്ഞു.

‘ABCD: American-Born Confused Desi’ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ ശ്രദ്ധ നേടിയത്. തുടർന്ന് നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തം ഇടം ഉറപ്പിച്ചു.

ഇതിനിടെ, ടൊവിനോ തോമസും കയാദു ലോഹറും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന പീരിയഡ് ഡ്രാമ ത്രില്ലർ സിനിമയുടെ പ്രമോഷൻ തിരക്കിലാണ് താരം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം സെൻസർ നടപടികളിലെ താമസത്തെ തുടർന്ന് ഏപ്രിൽ 15-ന് വിഷുദിനത്തിൽ തിയേറ്ററുകളിലെത്തും. സിനിമയോട് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

You may also like