Home Entertainmentകലിപ്പ് ലുക്കിൽ യുവതാരങ്ങൾ; ‘കാട്ടാളൻ’ മെയ് മാസത്തിൽ തിയേറ്ററുകളിൽ

കലിപ്പ് ലുക്കിൽ യുവതാരങ്ങൾ; ‘കാട്ടാളൻ’ മെയ് മാസത്തിൽ തിയേറ്ററുകളിൽ

by news_desk1
0 comments

കൊച്ചി: ആക്ഷൻ നിറഞ്ഞ വമ്പൻ ചിത്രമായ ‘കാട്ടാളൻ’ മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. പുതിയ പോസ്റ്ററിലൂടെ സിനിമയുടെ യുവതാരനിരയെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ ആവേശം ഉയർത്തിയിരിക്കുകയാണ്. തോക്കുമേന്തിയ കലിപ്പ് ലുക്കിൽ ഹനാൻ ഷായും ഹിപ്സ്റ്ററും ആൻസണും അടക്കം നിരവധി താരങ്ങളാണ് പോസ്റ്ററിൽ ഇടം നേടിയിരിക്കുന്നത്.

ക്യൂബ്സ് എൻറർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻ്റണി വർഗീസ് പെപ്പെയാണ് നായകൻ. ദുഷാര വിജയൻ നായികയായെത്തുന്ന ചിത്രത്തിൽ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരടക്കം പാൻ ഇന്ത്യൻ താരനിരയും അണിനിരക്കുന്നു.

ആനവേട്ടയും പകയും സംഘർഷങ്ങളും നിറഞ്ഞ ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറായാണ് ‘കാട്ടാളൻ’ ഒരുങ്ങുന്നത്. കാടിന്റെ വന്യതയും ആക്ഷന്റെ തീവ്രതയും ഒരുമിക്കുന്ന ദൃശ്യവിസ്മയമാകും ചിത്രം എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും നൽകുന്നത്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രവി ബസ്രൂറും അജനീഷ് ലോക്നാഥുമാണ്. ഇതിനകം പുറത്തിറങ്ങിയ തീം മ്യൂസിക്കും ‘മജക്കോ മല്ലിക’ ലിറിക്കൽ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

140 ദിവസത്തെ ദീർഘമായ ഷെഡ്യൂളിനുശേഷമാണ് ചിത്രീകരണം പൂർത്തിയായത്. യഥാർത്ഥ ആനകളെ ഉപയോഗിച്ചാണ് സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. വൻ ബഡ്ജറ്റിലും സാങ്കേതിക മികവിലും ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിലെ ശ്രദ്ധേയ ദൃശ്യാനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ടി-സീരീസ് സംഗീതാവകാശം സ്വന്തമാക്കിയ ചിത്രത്തിന്റെ ഡിജിറ്റൽ-സാറ്റലൈറ്റ് വിതരണാവകാശം ഷിമാരൂവിനും, കർണാടക വിതരണാവകാശം ഹോംബാലെ ഫിലിംസിനും ലഭിച്ചിട്ടുണ്ട്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണ പങ്കാളികൾ.
മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുന്ന ‘കാട്ടാളൻ’ പ്രേക്ഷകർക്ക് ആവേശകരമായ അനുഭവമാകുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.

You may also like