ജി സുധാകരൻ: തന്റെ സ്വത്തുക്കൾ സംബന്ധിച്ച് ഏത് അന്വേഷണ ഏജൻസിക്കും പരിശോധിക്കാമെന്ന് വ്യക്തമാക്കി മുൻ മന്ത്രി ജി സുധാകരൻ. അതോടൊപ്പം സജി ചെറിയാൻ, എച്ച് സലാം എന്നിവരുടെ സ്വത്തുക്കളെയും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം സമ്പാദ്യങ്ങൾ മകന്റെ പേരിൽ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് മൗലിക അവകാശമാണെന്നും സ്വകാര്യത ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും സുധാകരൻ പറഞ്ഞു. എംഎൽഎ പെൻഷനും മന്ത്രിയായിരുന്ന കാലത്തെ ശമ്പളവും ഉൾപ്പെടുന്നതാണ് തന്റെ സമ്പാദ്യമെന്നും, ഭാര്യയുടെ അധ്യാപക സേവനകാലത്തെ വരുമാനവും പെൻഷനും ചേർന്നതാണ് കുടുംബത്തിന്റെ ആസ്തിയെന്നും അദ്ദേഹം വിശദീകരിച്ചു.
സജി ചെറിയാനും എച്ച് സലാമും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് സുധാകരന്റെ പ്രതികരണം. ഇരുവരുടെയും നിലപാടുകൾ “ക്രിമിനൽ ഫിലോസഫി”യാൽ നയിക്കപ്പെടുന്നതാണെന്നും ഭീഷണിയും അപകീർത്തിപ്പെടുത്തലും നിറഞ്ഞതാണ് അവരുടെ പ്രസ്താവനകളെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും ഇപ്പോഴത്തെ പ്രസ്താവനകൾ അതിന് തെളിവാണെന്നും സുധാകരൻ പറഞ്ഞു. തന്റെ പേരിൽ കൃഷ്ണപിള്ള സ്മാരകവുമായി ബന്ധപ്പെട്ട ആരോപണങ്ങളും അദ്ദേഹം തള്ളി.
സ്വകാര്യ ജീവിതത്തിലും മൗലിക അവകാശങ്ങളിലും ഇടപെടാൻ ശ്രമിക്കുന്നവർക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ സുധാകരൻ, അവരുടെ ഭാഷയിൽ പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നും വ്യക്തമാക്കി.

