തിരുവനന്തപുരം: കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയുടെ വിവാഹത്തിൽ നിയമപരമായ വീഴ്ചകളില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ഡിജിപി ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന് റിപ്പോർട്ട് നൽകും. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച രേഖകൾ വ്യാജമല്ലെന്നും രേഖാമൂലം 18 വയസ്സ് പൂർത്തിയായെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിക്കും. കേസിൽ വിശദീകരണം നൽകാനായി ഡിജിപി നാളെ ഡൽഹിയിൽ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകും.
പെൺകുട്ടിയെ കാണാതായെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അവർ കേരളത്തിൽ സുരക്ഷിതയാണെന്നും ഡിജിപി കമ്മീഷനെ ബോധ്യപ്പെടുത്തും. ദമ്പതികൾക്ക് ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകാൻ തയ്യാറാണെന്ന നിലപാടും അദ്ദേഹം സ്വീകരിക്കും. മുഹമ്മദ് ഫർമാൻ ഖാനും പെൺകുട്ടിയും കഴിഞ്ഞ മാർച്ച് 11-നാണ് വിവാഹിതരായത്. തിരുവനന്തപുരം പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു.
മകൾക്ക് പ്രായപൂർത്തിയായില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ മധ്യപ്രദേശ് പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് വിവാദം ആരംഭിച്ചത്. തുടർന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ നിർദ്ദേശപ്രകാരം ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ, പഞ്ചായത്തിൽ ഹാജരാക്കിയ ആധാർ കാർഡിലും ജനന സർട്ടിഫിക്കറ്റിലും 18 വയസ്സ് പൂർത്തിയായതായി വ്യക്തമാണെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഫർമാൻ ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. താൻ ഗർഭിണിയാണെന്നും അതിനാൽ മധ്യപ്രദേശ് പോലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു. കേസിൽ ദമ്പതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ അടുത്ത മാസം 20-ന് കോടതി വീണ്ടും പരിഗണിക്കും.

