പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണം പൂശലുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും ചോദ്യം ചെയ്തു. 2025-ൽ നടന്ന സ്വർണ്ണം പൂശൽ ചടങ്ങിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നടപടി. ഇതോടൊപ്പം ബോർഡ് അംഗം അജികുമാറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തെളിവുകൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഇത് മൂന്നാം തവണയാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. എന്നാൽ തള്ളിക്കളയുന്ന നിലപാടാണ് പി.എസ്. പ്രശാന്ത് സ്വീകരിച്ചത്. തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ചില വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, കേസിൽ നിർണ്ണായകമായ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രിൽ അവസാനത്തോടെ ലഭ്യമാകുമെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു. ജംഷഡ്പൂരിലെ മെറ്റലർജിക്കൽ ലാബിൽ നിന്നുള്ള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി മെയ് 18 വരെ സമയം നീട്ടിനൽകിയിട്ടുണ്ട്. നിലവിലെ അന്വേഷണ പുരോഗതിയിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി. ശാസ്ത്രീയ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കാനാകുമെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.

