ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്ത് കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. ഐ.എസ്.ആർ.ഒയുടെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) ജൂനിയർ റിസർച്ച് ഫെലോ (JRF) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 20 മുതൽ മെയ് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന് കീഴിലുള്ള സ്പേസ് ഫിസിക്സ് ലബോറട്ടറിയിലാണ് നിയമനം. നിലവിൽ എട്ട് ഒഴിവുകളാണുള്ളത്.
ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, എൻജിനീയറിങ് ഫിസിക്സ്, സ്പേസ് ഫിസിക്സ്, അറ്റ്മോസ്ഫെറിക് സയൻസ്, മെറ്റീരിയോളജി, പ്ലാനറ്ററി സയൻസ് തുടങ്ങിയ വിഷയങ്ങളിൽ എം.എസ്.സി നേടിയവർക്കോ, അന്തരീക്ഷ ശാസ്ത്രം, സ്പേസ് സയൻസ്, പ്ലാനറ്ററി സയൻസ് തുടങ്ങിയ മേഖലകളിൽ എം.എസ്/എം.ഇ/എം.ടെക് യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം. എല്ലാ സെമസ്റ്ററുകളിലും കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 10 പോയിന്റ് സ്കെയിലിൽ 6.5 സിജിപിഎ നിർബന്ധമാണ്.
ഇതിന് പുറമെ സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ്, ഗേറ്റ്, ജെസ്റ്റ് എന്നീ പരീക്ഷകളിൽ ഏതെങ്കിലും ഒരു യോഗ്യതയും ആവശ്യമാണ്. അപേക്ഷകരുടെ പരമാവധി പ്രായപരിധി 28 വയസ്സാണ്.
അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഐ.എസ്.ആർ.ഒയിൽ ഗവേഷണ രംഗത്ത് മികച്ച അവസരമാണ് ഈ നിയമനം.

