Home Keralaചിറയിൻകീഴിൽ പാമ്പുകടി മരണം; ചികിത്സാ വീഴ്ചാരോപണം, ഡിഎംഒ അടിയന്തര റിപ്പോർട്ട് തേടി

ചിറയിൻകീഴിൽ പാമ്പുകടി മരണം; ചികിത്സാ വീഴ്ചാരോപണം, ഡിഎംഒ അടിയന്തര റിപ്പോർട്ട് തേടി

by news_desk1
0 comments

തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അടിയന്തര റിപ്പോർട്ട് തേടി. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. പുലർച്ചെ കുട്ടി “എന്തോ കടിച്ചു” എന്ന് പറഞ്ഞ് നിലവിളിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടി കിടന്ന മുറിയിൽ നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോൾ കുട്ടിയുടെ നില ഗുരുതരമായിരുന്നില്ലെങ്കിലും പിന്നീട് ആരോഗ്യനില വഷളായി, മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചതായാണ് വിവരം.

ഡോക്ടർ പരിശോധിച്ചില്ലെന്നും നഴ്‌സ് മാത്രമാണ് നോക്കിയതെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും ആരോപിച്ചു. ആന്റിവെനം നൽകാതെയാണ് കുട്ടിയെ മാറ്റിയതെന്നും ആരോപണം ഉയരുന്നു.

സംഭവത്തിൽ ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. നിരവധി പ്രദേശങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന പരാതി നേരത്തെയും ഉയർന്നിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

You may also like