ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ ശക്തമായ തിരിച്ചുവരവിനായി ഹോണ്ട കാർസ് ഇന്ത്യ പുതിയ ഉൽപ്പന്ന തന്ത്രവുമായി മുന്നേറുന്നു. 2030ഓടെ 10 പുതിയ മോഡലുകൾ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ ഏഴ് എസ്യുവികൾ ഉൾപ്പെടുന്നുവെന്നതാണ് പ്രത്യേകത. മാരുതി സുസുക്കി, ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായ് എന്നീ പ്രമുഖ കമ്പനികളുമായി ശക്തമായ മത്സരത്തിനാണ് ഹോണ്ടയുടെ നീക്കം.
2026ൽ രണ്ട് പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. പുതുക്കിയ ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റ്യും പ്രീമിയം എസ്യുവിയായ ഹോണ്ട ZR-Vയുമാണ് വിപണിയിലെത്തുക. പുതിയ സിറ്റി ഫെയ്സ്ലിഫ്റ്റ് 2026ന്റെ രണ്ടാം പകുതിയിൽ പുറത്തിറങ്ങുമെന്നാണ് സൂചന. ചെറിയ ഡിസൈൻ മാറ്റങ്ങളോടൊപ്പം മെച്ചപ്പെടുത്തിയ സവിശേഷതകളാണ് ഈ മോഡലിൽ പ്രതീക്ഷിക്കുന്നത്. പുതുക്കിയ ടെയിൽലാമ്പുകൾ, അലോയ് വീലുകൾ, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടാം. എഞ്ചിൻ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഹോണ്ട ZR-V ഇന്ത്യയിൽ സിബിയു യൂണിറ്റായി ഇറക്കുമതി ചെയ്യാനാണ് സാധ്യത. 50 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയുള്ള വിലയിലാണ് ഈ പ്രീമിയം എസ്യുവി എത്തുക. 2.0 ലിറ്റർ ഹൈബ്രിഡ് എൻജിനും ഇ-സിവിടി ഗിയർബോക്സും ഉപയോഗിക്കുന്ന ഈ മോഡൽ 180 bhp പവറും 240 Nm ടോർക്കും നൽകും.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് ZR-V എത്തുക.
ആഗോളതലത്തിലെ മോഡലുകളും ഇന്ത്യയിൽ വികസിപ്പിക്കുന്ന വാഹനങ്ങളും ഉൾപ്പെടുന്ന മിശ്രതന്ത്രമാണ് ഹോണ്ട പിന്തുടരുന്നത്. പുതിയ മോഡലുകളിലൂടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ ശക്തമായ സ്ഥാനം നേടാനാണ് കമ്പനിയുടെ ലക്ഷ്യം.

