Home Blogകടുത്ത ചൂട്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോന്നിയിൽ ഉയർന്ന യു.വി. ഇൻഡക്സ്

കടുത്ത ചൂട്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോന്നിയിൽ ഉയർന്ന യു.വി. ഇൻഡക്സ്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് (യു.വി.) ഇൻഡക്സ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ യു.വി. ഇൻഡക്സ് ഒമ്പത് വരെ ഉയർന്നു.

കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിൽ യു.വി. ഇൻഡക്സ് എട്ട് രേഖപ്പെടുത്തിയപ്പോൾ എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് തൃത്താലയിൽ യു.വി. ഇൻഡക്സ് ഏഴ് രേഖപ്പെടുത്തിയപ്പോൾ കളമശ്ശേരി, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളിൽ ആറാണ് രേഖപ്പെടുത്തിയത്.

ഉയർന്ന അൾട്രാവയലറ്റ് കിരണങ്ങൾ ദീർഘനേരം ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, കണ്ണ് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് പകൽ 10 മുതൽ വൈകിട്ട് 3 വരെ സമയം കൂടുതൽ അപകടസാധ്യതയുള്ളതാണ്.

പുറത്തുള്ള ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, യാത്രക്കാർ, വിനോദസഞ്ചാരികൾ, കൂടാതെ ത്വക്ക്-കണ്ണ് രോഗങ്ങളുള്ളവർ എന്നിവർക്കു കൂടുതൽ ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ പുറത്തേക്ക് പോകുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മൂടുന്ന ലളിതമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നത് സുരക്ഷിതമാണ്.

You may also like