ഇടുക്കി: മാങ്കുളത്ത് കാണാതായ വാർഡ് മെമ്പർ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു. ചിക്കനംകുടിക്ക് സമീപമുള്ള വീട്ടിലെ ശുചിമുറിയിൽ നിന്നാണ് വാർഡ് മെമ്പർ ധന്യ ഗണേഷിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന ധന്യയെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ധന്യ വീടുവിട്ട് ഇറങ്ങിയത്. തുടർന്ന് അൻപത് ഏക്കറിലുള്ള സഹോദരിയുടെ വീട്ടിലെത്തി. അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ് പുറപ്പെട്ടെങ്കിലും വീട്ടിലെത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം ധന്യയെ കാണാനില്ലെന്ന് ഭർത്താവ് അനീഷ് പൊലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് മാങ്കുളത്തും സമീപ പ്രദേശങ്ങളിലുമായി പൊലീസ് വ്യാപക പരിശോധന നടത്തി. ഡ്രോൺ ഉപയോഗിച്ചും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയും തെരച്ചിൽ തുടരുന്നതിനിടെയാണ് ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്ന് ധന്യയെ കണ്ടെത്തിയത്.
അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് ആരോപിച്ചു. ധന്യയെ കണ്ടെത്തിയ സ്ഥലത്ത് കഴിഞ്ഞ ദിവസം വൈകിട്ടും പരിശോധന നടത്തിയിരുന്നുവെന്നും അന്ന് ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

