Home Sportsഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ച് റിയാൻ പരാഗ്; നായകന്റെ നടപടിയിൽ ആരാധകർക്ക് അമർഷം

ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ച് റിയാൻ പരാഗ്; നായകന്റെ നടപടിയിൽ ആരാധകർക്ക് അമർഷം

by news_desk1
0 comments

യുവതാരങ്ങൾക്ക് മുന്നിൽ മോശം മാതൃകയെന്ന് വിമർശനം; ബിസിസിഐ അച്ചടക്ക നടപടിക്ക് സാധ്യത

മുല്ലൻപൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്ന രാജസ്ഥാൻ നായകൻ റിയാൻ പരാഗിന്റെ ദൃശ്യങ്ങൾ വിവാദമാകുന്നു. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. രാജസ്ഥാൻ ഇന്നിങ്‌സിന്റെ പതിനാറാം ഓവറിൽ ബ്രോഡ്കാസ്റ്റ് ക്യാമറ ഡ്രസിങ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ തത്സമയം പുറത്തുവന്നത്. നിർണ്ണായക സമയത്ത് 16 പന്തിൽ 29 റൺസെടുത്ത് പുറത്തായതിന് പിന്നാലെയാണ് താരം ഇത്തരമൊരു പ്രവർത്തിയിൽ ഏർപ്പെട്ടത്.

ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണ് പരാഗിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ക്രിക്കറ്റ് പ്രേമികൾ ആരോപിക്കുന്നു. ടീമിലെ കൗമാരതാരമായ വൈഭവ് സൂര്യവംശി അടക്കമുള്ള യുവനിരയ്ക്ക് വഴികാട്ടേണ്ട നായകൻ ഇത്തരത്തിലാണോ മാതൃക കാട്ടേണ്ടതെന്നാണ് ആരാധകരുടെ ചോദ്യം. ഗ്രൗണ്ടിലെ മികച്ച പ്രകടനത്തിനൊപ്പം വ്യക്തിപരമായ അച്ചടക്കവും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നായകനുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്.

ബിസിസിഐയുടെ ആരോഗ്യ-സുരക്ഷാ ചട്ടങ്ങൾ പ്രകാരം സ്റ്റേഡിയത്തിനകത്തോ ഡ്രസിങ് റൂമിലോ പുകയിലയോ അനുബന്ധ ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിയമലംഘനം വ്യക്തമായ സാഹചര്യത്തിൽ റിയാൻ പരാഗിനെതിരെ ബിസിസിഐ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്. ഇതേ സീസണിൽ തന്നെ ഡഗൗട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സമാനമായ രീതിയിൽ വലിയ തുക പിഴയോ മറ്റ് നടപടികളോ നായകനും നേരിടേണ്ടി വന്നേക്കാം.

You may also like