Home Top Stories“കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കും” — വി.ഡി. സതീശൻ

“കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കും” — വി.ഡി. സതീശൻ

ഭരണവിരുദ്ധ തരംഗത്തിന് ജനവിധി; ഐക്യപ്രവർത്തനത്തിന്റെ ഫലമെന്ന് ചെന്നിത്തല

by news_desk1
0 comments

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം വ്യക്തമായ സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. “മാറ്റത്തിന് ആളുണ്ടോയെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. “കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ടീം യുഡിഎഫ്’ എന്ന സന്ദേശത്തോടെ പോസ്റ്റ് പങ്കുവച്ചതാണ് ശ്രദ്ധേയമായത്.

അതേസമയം, കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനെതിരായ ശക്തമായ ജനവിധിയാണിതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുന്നണി ഏകോപിതമായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്നും തുടക്കത്തിൽ തന്നെ 100 സീറ്റുകൾ നേടുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷത്തിൽ നിന്ന് പല നേതാക്കളും യുഡിഎഫിലേക്ക് വന്നതും വിജയത്തിന് സഹായകമായതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ വിജയം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം മാത്രമല്ല, യുഡിഎഫ് മുന്നോട്ടുവച്ച രാഷ്ട്രീയ അജണ്ടയ്ക്ക് ജനങ്ങൾ നൽകിയ അംഗീകാരവുമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഉണ്ടായ ഈ രാഷ്ട്രീയ മാറ്റം പുതിയ ഭരണകാലത്തിന്റെ തുടക്കമാണെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം.

View Post↗

You may also like