Home Keralaകായംകുളം തോൽവി: വെള്ളാപ്പള്ളിക്കെതിരെ യു. പ്രതിഭയുടെ ആരോപണം; എസ്എൻഡിപി വോട്ടുകളിൽ ചോർച്ചയെന്ന് വിമർശനം

കായംകുളം തോൽവി: വെള്ളാപ്പള്ളിക്കെതിരെ യു. പ്രതിഭയുടെ ആരോപണം; എസ്എൻഡിപി വോട്ടുകളിൽ ചോർച്ചയെന്ന് വിമർശനം

by news_desk1
0 comments

ആലപ്പുഴ: കായംകുളം നിയമസഭ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ അതൃപ്തി തുറന്ന് പറഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. തനിക്കെതിരെ വെള്ളാപ്പള്ളി നടേശൻ പ്രവർത്തിച്ചുവെന്നും അതിന്റെ ഫലമായി എസ്എൻഡിപി വോട്ടുകളിൽ ചോർച്ച സംഭവിച്ചുവെന്നും അവർ ആരോപിച്ചു.

പാർട്ടി ശക്തികേന്ദ്രങ്ങളായ പത്തിയൂർ, ചെട്ടികുളങ്ങര തുടങ്ങിയ പ്രദേശങ്ങളിൽ പോലും വോട്ടുകൾ കുറഞ്ഞത് അമ്പരപ്പുണ്ടാക്കിയതായി പ്രതിഭ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നും അവർ വിമർശിച്ചു. സ്ഥിരമായി മുന്നിലെത്തിയിരുന്ന ബൂത്തുകളിലും മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞില്ലെന്നും പ്രതികരിച്ചു.

താൻ യഥാർത്ഥ ശ്രീനാരായണീയയാണെന്നും അതിനുമേൽ തന്നെതിരെ പ്രവർത്തനം നടന്നുവെന്നുമാണ് പ്രതിഭയുടെ ആരോപണം. കേരളത്തിലെ പല ഭാഗങ്ങളിലും സമാനമായ പ്രതിപ്രവർത്തനം ഉണ്ടായിരിക്കാമെന്നും അവർ സൂചിപ്പിച്ചു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77,348 വോട്ടുകൾ നേടി യു. പ്രതിഭ വിജയിച്ചപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബു 71,050 വോട്ടുകൾ നേടി ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു. എന്നാൽ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായ എം. ലിജു 76,651 വോട്ടുകൾ നേടി 15,572 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി. യു. പ്രതിഭയ്ക്ക് 61,079 വോട്ടുകളും ബിഡിജെഎസ് സ്ഥാനാർത്ഥി തമ്പി മേട്ടുതറയ്ക്ക് 16,973 വോട്ടുകളും ലഭിച്ചു.

You may also like