ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യ ചരിത്രത്തിൽ അതീവ ഗൗരവത്തോടെ വിലയിരുത്തപ്പെടേണ്ട രാഷ്ട്രീയ-ഭരണഘടനാ പ്രതിസന്ധിയാണ് ഇന്ന് തമിഴ്നാട്ടിൽ രൂപംകൊള്ളുന്നത്. ജനവിധിയിലൂടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്ന രാഷ്ട്രീയ മുന്നണിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിനു പകരം, ഭരണഘടനാപരമായ ചുമതലകൾക്ക് അതീതമായി രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഗവർണർ ശ്രമിക്കുന്നുവെന്ന വിമർശനം ഇപ്പോൾ ശക്തമാകുകയാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ. ആ ജനവിധിയെ ഭരണഘടനാപരമായ പ്രക്രിയകളിലൂടെ സർക്കാർ രൂപീകരണത്തിലേക്ക് നയിക്കേണ്ടത് ഗവർണറുടെ കടമയാണ്. എന്നാൽ തമിഴ്നാട്ടിൽ സംഭവിക്കുന്നത് അതിന്റെ നേർവിപരീതമായ സാഹചര്യമാണ്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകം നയിക്കുന്ന മുന്നണിക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകുന്നതിനുപകരം, പിന്തുണയുള്ള മുഴുവൻ എം.എൽ.എമാരുടെയും ഒപ്പുകൾ ആവശ്യപ്പെട്ട് രാജേന്ദ്ര വിശ്വനാഥ ആർലേക്കർ രണ്ടുതവണ തിരിച്ചയച്ചെന്ന വാർത്തകൾ ജനാധിപത്യ മര്യാദകളെ ചോദ്യം ചെയ്യുന്നതാണ്. സാധാരണ ഭരണഘടനാ കീഴ്വഴക്കം എന്താണ്? ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുക. തുടർന്ന് നിശ്ചിത സമയത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുക. അതാണ് രാജ്യത്തിന്റെ ജനാധിപത്യ സംസ്കാരം. അതാണ് സുപ്രീംകോടതി നിരന്തരം ശരിവെച്ചിട്ടുള്ള രീതിയും. എന്നാൽ ഇന്ന് ഗവർണർ പദവി ചില സംസ്ഥാനങ്ങളിൽ കേന്ദ്ര രാഷ്ട്രീയത്തിന്റെ ഉപകരണമാക്കി മാറ്റപ്പെടുന്നുവെന്ന ആരോപണം വീണ്ടും ശക്തമാകുകയാണ്. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ഇതിനുമുമ്പും സമാന പ്രതിസന്ധികൾ കണ്ടിട്ടുണ്ട്. 1965-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനാകാതെ സഭ പിരിച്ചുവിടേണ്ടിവന്ന ചരിത്രം ഇന്നും രാഷ്ട്രീയ പഠനവിഷയമാണ്. അതുപോലൊരു അനിശ്ചിതാവസ്ഥയിലേക്ക് തമിഴ്നാട്ടിനെ തള്ളിവിടാൻ അനുവദിക്കരുത്.
എസ്.ആർ.ബൊമ്മൈ/ യൂണിയൻ ഓഫ് ഇൻഡ്യ കേസിലെ ചരിത്രവിധി ഇന്ത്യയുടെ ഫെഡറൽ ഘടന സംരക്ഷിക്കുന്നതിൽ നിർണായകമായിരുന്നു. സർക്കാർ ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലല്ല, നിയമസഭയിലാണെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിരുന്നു. ഭരണഘടനാപദവിയിലുള്ളവർ വ്യക്തിപരമായോ രാഷ്ട്രീയപരമായോ നിലപാടുകൾ അടിസ്ഥാനമാക്കി ജനവിധിയെ തടസ്സപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഗവർണർ പദവി ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിത്വമല്ല. അത് ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കേണ്ട ഭരണഘടനാ ഉത്തരവാദിത്വമാണ്. ലോക്ഭവനിൽ ഇരിക്കുന്നവർ മറക്കരുത്; അവർക്ക് മുന്നിൽ നിൽക്കുന്നത് ഒരു പാർട്ടിയല്ല, ഇന്ത്യൻ ഭരണഘടനയാണ്. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തെയും ഫെഡറൽ സംവിധാനത്തെയും ദുർബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധം ഉയരേണ്ട സമയമാണിത്. തമിഴ്നാട്ടിലെ ഇന്നത്തെ സംഭവം ഒരു സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ല; ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച മുന്നറിയിപ്പാണ്.

