Home Internationalഫുജൈറയിൽ ശക്തമായ സ്‌ഫോടനശബ്ദം; മിസൈലുകളും ഡ്രോണുകളും തകർത്തെന്ന് അധികൃതർ, ജാഗ്രതാ നിർദ്ദേശം

ഫുജൈറയിൽ ശക്തമായ സ്‌ഫോടനശബ്ദം; മിസൈലുകളും ഡ്രോണുകളും തകർത്തെന്ന് അധികൃതർ, ജാഗ്രതാ നിർദ്ദേശം

by news_desk
0 comments

ഫുജൈറ: വെള്ളിയാഴ്ച പുലർച്ചെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്‌ഫോടനശബ്ദങ്ങൾ കേട്ടു. യുഎഇ ലക്ഷ്യമിട്ടെത്തിയ ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തതിനെത്തുടർന്നാണ് ശബ്ദമുണ്ടായതെന്ന് ഫുജൈറ അധികൃതർ അറിയിച്ചു. സംഭവത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

മിസൈലുകളോ ഡ്രോണുകളോ തകർന്നു വീഴുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾക്ക് സമീപം പോകരുതെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി കർശന നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ സ്പർശിക്കാനോ ചിത്രങ്ങൾ പകർത്താനോ പാടില്ല. വിദഗ്ധ സംഘത്തിന് മാത്രമേ ഇത്തരം ഇടങ്ങളിൽ പരിശോധന നടത്താൻ അനുമതിയുള്ളൂ. സംശയാസ്പദമായ വസ്തുക്കളോ അവശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് വിവരം കൈമാറണം.

രാജ്യത്തിന്റെ വ്യോമപരിധി പൂർണ്ണമായും സുരക്ഷിതമാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ പ്രതിരോധ മന്ത്രാലയം സജ്ജമാണെന്നും പ്രസ്താവനയിൽ അറിയിച്ചു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത തുടരാനാണ് തീരുമാനം. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു.

You may also like