Home Internationalതെരുവിൽ തീവെപ്പും ഉപരോധവും; അധ്യാപകക്ഷാമത്തിലും തകർന്ന അടിസ്ഥാനസൗകര്യങ്ങളിലും രോഷം, ഫ്രാൻസിനെ വിറപ്പിച്ച് വൻ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ

തെരുവിൽ തീവെപ്പും ഉപരോധവും; അധ്യാപകക്ഷാമത്തിലും തകർന്ന അടിസ്ഥാനസൗകര്യങ്ങളിലും രോഷം, ഫ്രാൻസിനെ വിറപ്പിച്ച് വൻ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ

by news_desk
0 comments

പാരീസ്: ഫ്രാൻസിൽ രൂക്ഷമായ അധ്യാപകക്ഷാമത്തിലും അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ചയിലും പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തുന്ന തെരുവ് പ്രക്ഷോഭം ആളിക്കത്തുന്നു. രാജ്യത്തുടനീളം 700-ലധികം സ്കൂളുകളുടെ പ്രവർത്തനം പ്രക്ഷോഭകർ പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തി. സ്കൂളുകൾക്ക് മുന്നിൽ തീവെപ്പ് നടത്തിയും റോഡുകളും പ്രവേശന കവാടങ്ങളും ഉപരോധിച്ചുമാണ് ഹൈസ്കൂൾ, സർവ്വകലാശാല വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.

രാജ്യത്തെ 3,700 സ്കൂളുകളിൽ 735 എണ്ണത്തെ പ്രതിഷേധം ബാധിച്ചതായും 222 സ്കൂളുകൾ പൂർണ്ണമായി ഉപരോധത്തിലാണെന്നും ഫ്രഞ്ച് നീതിന്യായ മന്ത്രി ജെറാൾഡ് ദർമാനിൻ അറിയിച്ചു. വിവിധയിടങ്ങളിൽ പോലീസും വിദ്യാർത്ഥികളും തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടായി. ഇന്നലെ മാത്രം 1,747 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറൻ നുനെസ് വ്യക്തമാക്കി. പ്രക്ഷോഭത്തിൽ 40 പ്രിൻസിപ്പൽമാർ ഉൾപ്പെടെ 65 സ്കൂൾ ജീവനക്കാർക്കും 305 പോലീസുകാർക്കും പരിക്കേറ്റു.

പാരീസ്, മോൺപെലിയർ, നാന്ത്, മാർസെയ് തുടങ്ങിയ നഗരങ്ങളിലാണ് അക്രമ സംഭവങ്ങൾ രൂക്ഷം. മാർസെയിൽ പ്രിൻസിപ്പലിനും ഡെപ്യൂട്ടി പ്രിൻസിപ്പലിനും നേരെ പെട്രോളൊഴിച്ച സംഭവവും നാന്തിൽ സ്കൂൾ കവാടത്തിന് തീയിട്ടതും വലിയ നടുക്കമുണ്ടാക്കി. സ്ട്രാസ്ബർഗിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ട്രാം സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. ബെൽഫോർട്ടിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 17-കാരനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു. പാരീസിൽ തുടക്കമിട്ട പ്രതിഷേധം മറ്റ് മേഖലകളിലെ കാമ്പസുകളിലേക്കും അതിവേഗം വ്യാപിക്കുകയാണ്.

You may also like