തിരുവനന്തപുരം: ഘടകകക്ഷി നേതാക്കൾക്ക് പുതിയ ക്യാബിനറ്റ് പദവി നൽകാനുള്ള നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൊമ്പുകോർത്ത് മന്ത്രിസഭയിലെ പ്രമുഖർ. മന്ത്രിമാരായ എ.പി. അനിൽകുമാർ, മോൻസ് ജോസഫ് എന്നിവരാണ് മന്ത്രിസഭാ യോഗത്തിൽ നേരിട്ട് എതിർപ്പ് അറിയിച്ചത്. വിഷയം സ്വന്തം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എ.പി. അനിൽകുമാർ ചൂണ്ടിക്കാട്ടിയപ്പോൾ, മുതിർന്ന നേതാവായ പി.ജെ. ജോസഫിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മോൻസ് ജോസഫും നിലപാടടുത്തു.
മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകുന്നത് ചർച്ചയ്ക്കെടുത്തപ്പോഴായിരുന്നു മന്ത്രിമാരുടെ പ്രതിഷേധം. വ്യക്തിപരമായ എതിർപ്പല്ലെന്നും മുന്നണിയിലും പാർട്ടിയിലും മതിയായ ചർച്ച നടന്നിട്ടുണ്ടോ എന്നുമാണ് ചോദ്യമുയർന്നത്. എന്നാൽ ആവശ്യമായ ചർച്ചകൾ നടന്ന ശേഷമുള്ള തീരുമാനമാണിതെന്നും നിർദ്ദേശം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെ വിഷയം അംഗീകരിക്കപ്പെടുകയായിരുന്നു.
മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കെ.പി.സി.സി ആസ്ഥാനത്ത് രൂക്ഷവിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ ചൊവ്വാഴ്ച ഡൽഹിയിലെത്തി ഹൈക്കമാൻഡിന് പരാതി നൽകാൻ അടൂർ പ്രകാശ് ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ അടൂർ പ്രകാശിനെ പിന്തുണച്ച് ജെബി മേത്തർ എം.പിയും രംഗത്തെത്തിയതോടെ വിഷയം വരും ദിവസങ്ങളിൽ കെ.പി.സി.സി എക്സിക്യൂട്ടീവിൽ വൻ പടലപ്പിണക്കത്തിന് വഴിതുറക്കുമെന്ന് ഉറപ്പായി.
