തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിൽ പ്രവർത്തിക്കുന്ന ടി.ഐ.എൽ ഹെൽത്ത്‌കെയർ പ്ലാന്റിലാണ് രാവിലെ എട്ട് മണിയോടെ വൻ സ്ഫോടനമുണ്ടായത്. അപകടത്തിൽ പത്തോളം തൊഴിലാളികൾക്ക് അതിഗുരുതരമായി പരിക്കേറ്റു.
രാവിലത്തെ ഷിഫ്റ്റിൽ നിരവധി തൊഴിലാളികൾ ജോലിയിലായിരുന്ന സമയത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകരുകയും പ്രദേശം കറുത്ത പുകയാൽ മൂടപ്പെടുകയും ചെയ്തു. വിവരമറിഞ്ഞയുടൻ ശ്രീ സിറ്റി പോലീസും അഗ്നിശമന സേനയും ആംബുലൻസുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ പലരുടെയും നില അതിഗുരുതരമായി തുടരുകയാണ്.
സാങ്കേതിക തകരാറാണോ അതോ സുരക്ഷാ വീഴ്ചയാണോ സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്താൻ പോലീസും വ്യവസായ സുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് അടിയന്തര മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.
