Home Keralaതിരഞ്ഞെടുപ്പ് തിരിച്ചടി: സിപിഎമ്മിൽ ശൈലീമാറ്റം; സമയപരിധിയില്ലാതെ കടുത്ത വിമർശനത്തിന് വഴിതുറക്കുന്നു

തിരഞ്ഞെടുപ്പ് തിരിച്ചടി: സിപിഎമ്മിൽ ശൈലീമാറ്റം; സമയപരിധിയില്ലാതെ കടുത്ത വിമർശനത്തിന് വഴിതുറക്കുന്നു

by news_desk
0 comments

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സംഘടനാ പ്രവർത്തനത്തിലും ഉൾപ്പാർട്ടി ചർച്ചകളിലും വലിയ മാറ്റത്തിനൊരുങ്ങി സിപിഎം. മുൻകൂട്ടി സമയപരിധി നിശ്ചയിച്ച് ചർച്ചകൾ അവസാനിപ്പിക്കുന്ന രീതി ഇനി വേണ്ടെന്ന് പാർട്ടി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന ഈ ആവശ്യം ജനറൽ സെക്രട്ടറി എം.എ. ബേബി പൂർണ്ണമായും അംഗീകരിച്ചു.

തിരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനും സംഘടനാ നേതൃത്വത്തിനുമെതിരെ നിശിതമായ വിമർശനമാണ് ഉയർന്നത്. ആദ്യമായി സമയം അടിച്ചേൽപ്പിച്ചുള്ള ചർച്ചകൾ വേണ്ടെന്ന് സെക്രട്ടേറിയറ്റ് അംഗങ്ങൾ തുറന്നുപറഞ്ഞു. ഇതേത്തുടർന്ന് നാല് മണിക്ക് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം മാറ്റിവയ്ക്കുകയും യോഗം പതിമൂന്ന് മണിക്കൂർ നീളുകയും ചെയ്തു. ഓരോ അംഗത്തിനും പറയാനുള്ളതെല്ലാം പൂർണ്ണമായി കേൾക്കുന്ന ശൈലിയാണ് പുതുതായി സ്വീകരിച്ചിരിക്കുന്നത്. സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കുമെതിരെ കടുത്ത വിമർശനങ്ങൾ യോഗത്തിലുണ്ടായി.

മുഖ്യമന്ത്രിയുടെ ശൈലീമാറ്റവും സ്വജനപക്ഷപാത ആരോപണങ്ങളുമാണ് പ്രധാനമായും ചർച്ചയായത്. ചുറ്റുമുള്ളവരുടെ തെറ്റായ പ്രവണതകളെ ന്യായീകരിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്തെന്ന് വിമർശനമുയർന്നു. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്ന അഭിപ്രായവും ഉയർന്നു കേട്ടു. പാർട്ടി കോട്ടകളിലുണ്ടായ വോട്ട് ചോർച്ച ഗൗരവകരമാണെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. താഴെത്തട്ടിലുള്ള കമ്മിറ്റികളിലും സമാനമായ രീതിയിൽ സമയപരിധിയില്ലാതെ വിശദമായ അവലോകനം നടത്താനാണ് പാർട്ടി തീരുമാനം.

You may also like