Home Editorialഅവയവ മാഫിയയുടെ പിടിയിൽ കേരളം

അവയവ മാഫിയയുടെ പിടിയിൽ കേരളം

by news_desk1
0 comments

കേരളത്തെ ഞെട്ടിപ്പിച്ച അവയവക്കടത്ത് വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. മനുഷ്യാവയവങ്ങൾ പോലും കച്ചവട വസ്തുവാക്കി മാറ്റിയ ക്രൂര യാഥാർഥ്യത്തിന്റെ മുഖംമൂടി വലിച്ചുകീറിയ അന്വേഷണങ്ങൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും സാമൂഹിക സുരക്ഷയുടെയും വലിയ പരാജയങ്ങളെയാണ് തുറന്നുകാട്ടുന്നത്. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മുന്നറിയിപ്പിനെ തുടർന്ന് നടന്ന അന്വേഷണമാണ് ഒടുവിൽ കേരളത്തെ വിറപ്പിക്കുന്ന അവയവ മാഫിയാ ശൃംഖലയിലേക്ക് എത്തിയത്. ദാരിദ്ര്യവും അറിവില്ലായ്മയും മനുഷ്യരുടെ നിർബന്ധിത സാഹചര്യങ്ങളും ചൂഷണം ചെയ്താണ് ഈ മാഫിയ കേരളത്തിൽ വേരുറപ്പിക്കുന്നത്. ജീവിക്കാൻ വഴിയില്ലാത്തവരെ പണം വാഗ്ദാനം ചെയ്ത് വലയിലാക്കുകയും ‘ആത്മാർത്ഥ ദാനം’ എന്ന വ്യാജ നാടകം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.

മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും ക്രൂരമായ രൂപമാണ് ഇത്. സ്വന്തം ശരീരത്തിന്റെ ഭാഗം പോലും നിർബന്ധിതമായി വിൽക്കേണ്ട അവസ്ഥയിലേക്ക് ആളുകളെ തള്ളിവിടുന്ന സാമൂഹിക യാഥാർഥ്യം ഒരു പുരോഗമന സമൂഹത്തിന് അപമാനമാണ്. കൊച്ചി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ സ്ത്രീകളടക്കം ആറുപേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ഇതിന്റെ മുഖ്യസൂത്രധാരൻ സംസ്ഥാനം വിട്ടെന്നാണ് വിവരം. കൂടുതൽ ഞെട്ടിപ്പിക്കുന്നത്, പിടിച്ചെടുത്ത രേഖകളിൽ എം.പി., എം.എൽ.എ., ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, പ്രമുഖ വ്യാപാരികൾ എന്നിവരുടെ പേരിൽ വ്യാജ രേഖകളും ശുപാർശകളും കണ്ടെത്തിയെന്ന വിവരങ്ങളാണ്. ഇത് ഒറ്റപ്പെട്ട സാമ്പത്തിക തട്ടിപ്പ് മാത്രമല്ല, സംഘടിത കുറ്റകൃത്യത്തിന്റെ ഭീകര മുഖമാണെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് സർക്കാർ തലത്തിൽ തന്നെ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിവിധ സംവിധാനങ്ങൾ നിലവിലുണ്ട്. ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ രജിസ്ട്രേഷനും നിരീക്ഷണ സംവിധാനങ്ങളും പ്രവർത്തിക്കുമ്പോഴും മാഫിയകൾക്ക് ഇത്രയും ആഴത്തിൽ വേരൂന്നാൻ കഴിഞ്ഞുവെങ്കിൽ സിസ്റ്റത്തിൽ വലിയ ചോർച്ചയുണ്ടെന്നത് നിസ്സംശയം.

മുൻ ആരോഗ്യമന്ത്രി പറഞ്ഞതുപോലെ ‘സിസ്റ്റത്തിനുള്ളിലെ തകരാർ’ ഇപ്പോൾ തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും ഗുരുതരമായ വസ്തുത, പല കേസുകളിലും അവയവം നൽകുന്നവരും സ്വീകരിക്കുന്നവരും നേരിൽ കണ്ടിട്ടില്ലെന്നതാണ്. എന്നാൽ എങ്ങനെയാണ് അനുമതികൾ ലഭിച്ചത്? ആരാണ് രേഖകൾ ശരിവെച്ചത്? ആരാണ് കണ്ണടച്ചത്? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ സമൂഹം ആവശ്യപ്പെടണം. ഔദ്യോഗിക സമിതികളും പരിശോധന സംവിധാനങ്ങളും എന്തുകൊണ്ട് നിർജീവമായി? ആരോഗ്യരംഗത്ത് ഉത്തരവാദിത്വമുള്ള ഏജൻസികൾ എന്തുകൊണ്ട് സമയത്ത് ഇടപെട്ടില്ല? ഈ മൗനം അപകടകരമാണ്. ഇതിലും ആശങ്കാജനകമായത്, സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ചും സമാന രീതിയിലുള്ള ശൃംഖലകൾ പ്രവർത്തിക്കുന്നുവെന്ന സൂചനകളാണ്. ചികിത്സ എന്ന വിശുദ്ധ മേഖലയെ പോലും ചിലർ ലാഭവിപണിയാക്കി മാറ്റുമ്പോൾ സമൂഹം അതീവ ജാഗ്രത പാലിക്കണം.

അവയവദാനം മനുഷ്യസ്നേഹത്തിന്റെ മഹത്തായ പ്രവൃത്തിയാണ്; എന്നാൽ അതിനെ മറയാക്കി മാഫിയകൾ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ അത് സമൂഹത്തിന്റെ ആത്മാവിനെ തന്നെ കുത്തിക്കൊല്ലുന്ന കുറ്റകൃത്യമായി മാറുന്നു. കേരളം “അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം” എന്ന് അവകാശപ്പെടുമ്പോഴും ജനങ്ങളുടെ യാഥാർഥ്യജീവിതം മറ്റൊന്നാണ് പറയുന്നത്. കടബാധ്യത, തൊഴിലില്ലായ്മ, ചികിത്സാചെലവ്, സാമ്പത്തിക തകർച്ച- ഇവയൊക്കെയാണ് സാധാരണക്കാരനെ ഇത്തരം വലയിലേക്കെത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വെറും ക്രിമിനൽ കേസ് മാത്രമല്ല; സാമൂഹികവും സാമ്പത്തികവും ഭരണപരവുമായ പരാജയത്തിന്റെ കണ്ണാടിയാണ്.
ഇനി സർക്കാർ ശക്തമായി ഇടപെടണം. ഉന്നതതല അന്വേഷണം നടത്തി ഈ മാഫിയയുടെ മുഴുവൻ ശൃംഖലയും പുറത്തുകൊണ്ടുവരണം.

വ്യാജ രേഖകൾ ഒരുക്കിയവരെയും ഒത്താശ ചെയ്തവരെയും സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പ്രാദേശിക തലത്തിൽ ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തി ബോധവത്കരണ ക്യാമ്പയിനുകൾ നടത്തണം. വീടുവീടായി കയറി ജനങ്ങളുമായി സംസാരിക്കുകയും സാമ്പത്തിക നിർബന്ധിതാവസ്ഥകളെ തിരിച്ചറിയുകയും വേണം. ഇനി ഒരു മനുഷ്യനും ദാരിദ്ര്യത്തിന്റെ പേരിൽ സ്വന്തം അവയവം വിൽക്കേണ്ട സാഹചര്യം കേരളത്തിൽ ഉണ്ടാകരുത്. അവയവ മാഫിയയുടെ കണ്ണി ഇപ്പോൾ തന്നെ അറുത്തുമാറ്റിയില്ലെങ്കിൽ നാളെ അത് സമൂഹത്തിന്റെ ശരീരത്തെ മുഴുവനായി തിന്നുകളയും. ജനങ്ങളുടെ ജീവനും ശരീരവും സംരക്ഷിക്കേണ്ടത് ഒരു സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തിൽ നിന്ന് ഇനി പിന്നോട്ടില്ലാത്ത ശക്തമായ നടപടി കാലം ആവശ്യപ്പെടുകയാണ്.

You may also like