തിരുവനന്തപുരം: പുതിയ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്കൊപ്പം കെപിസിസി അധ്യക്ഷസ്ഥാനത്തും മാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കമാരംഭിച്ചു. മന്ത്രിസഭയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള സണ്ണി ജോസഫിന് പകരമായി പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ ആലോചന.
ബെന്നി ബഹനാന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പ്രധാന സാധ്യതാപട്ടികയില്‍ ഉയര്‍ന്നുവരുന്നത്. മന്ത്രിമാരുടെ പ്രഖ്യാപനത്തോടൊപ്പം തന്നെ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. മന്ത്രിസഭയില്‍ ഇടംപിടിക്കുന്ന കെപിസിസി ഭാരവാഹികളില്‍ ചിലരെ സംഘടനാ ചുമതലകളില്‍നിന്ന് മാറ്റാനും സാധ്യതയുണ്ട്.
കെ സുധാകരന് സ്ഥാനമൊഴിയുന്ന ഘട്ടത്തില്‍ തന്നെ നിരവധി നേതാക്കള്‍ കെപിസിസി അധ്യക്ഷസ്ഥാനത്തിനായി രംഗത്തെത്തിയിരുന്നുവെങ്കിലും, പിന്നീട് ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ള നേതാവിനെ അധ്യക്ഷനായി പരിഗണിക്കുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട ഹൈക്കമാന്‍ഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡല്‍ഹിയിലെത്തിയ ശേഷമാകും ചര്‍ച്ചകള്‍ വീണ്ടും സജീവമാകുക. രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും.
സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ ശമിച്ച ശേഷമേ പ്രഖ്യാപനങ്ങളിലേക്ക് കടക്കൂവെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. അച്ചടക്കലംഘന സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി നേതൃത്വം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

