തൃശൂർ: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ പകരം ഇന്ധനമായ വിറകിന് സംസ്ഥാനത്ത് വൻ ആവശ്യകത. ഹോട്ടലുകളും ഭക്ഷണശാലകളും ഗ്യാസ് ലഭിക്കാത്ത സാഹചര്യത്തിൽ വിറകിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ വിലയും കുത്തനെ ഉയർന്നു. ഇതോടെ സാധാരണ കുടുംബങ്ങളുടെ അടുക്കള ബജറ്റും താളം തെറ്റുന്ന അവസ്ഥയാണ്.
ദീർഘനേരം കനൽ നിലനിൽക്കുന്നതിനാൽ വാളമ്പുളി വിറകിനാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ. എന്നാൽ ലഭ്യത കുറഞ്ഞതോടെ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് 10 കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന വാളമ്പുളി വിറകിന്റെ വില ഇപ്പോൾ 80 രൂപയായി ഉയർന്നു. ചില പ്രദേശങ്ങളിൽ ഇത് 100 രൂപവരെയും എത്തിയിട്ടുണ്ട്.
ഹോട്ടലുകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കുമാണ് വിറകിന്റെ വലിയൊരു വിഹിതം എത്തുന്നത്. ഇതോടെ വീടുകളിലേക്ക് വിറക് ലഭിക്കുന്നത് കുറയുകയും സാധാരണ ഉപഭോക്താക്കൾ ബുദ്ധിമുട്ടിലാകുകയും ചെയ്യുന്നു. മറ്റ് പാഴ്മര വിറകുകൾക്കും വില വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
പുളിമരങ്ങൾ വ്യാപകമായി നട്ട് വളർത്താത്തതും നിലവിലുള്ള മരങ്ങൾ മുറിച്ചെടുക്കുന്നതുമാണ് ക്ഷാമത്തിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. ഗ്യാസ് വിതരണം ഉടൻ സാധാരണ നിലയിലായില്ലെങ്കിൽ വിറക് ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മഴക്കാലം അടുത്തെത്തുന്നതോടെ പ്രതിസന്ധി കൂടുതൽ കടുക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, വിറക് പൊളിക്കൽ യന്ത്രങ്ങളുടെ ഉപയോഗം വ്യാപകമായത് വ്യാപാരികൾക്ക് ചെറിയ ആശ്വാസമായി. മണിക്കൂറിന് ഏകദേശം 700 രൂപയാണ് യന്ത്രങ്ങളുടെ വാടക നിരക്ക്.

