Home Editorialദളപതി യുഗത്തിന്റെ ഉദയം

ദളപതി യുഗത്തിന്റെ ഉദയം

by news_desk1
0 comments

തമിഴ് സിനിമയുടെ വെള്ളിത്തിരയിൽ നിന്ന് ജനഹൃദയങ്ങളിലേക്കും അവിടെ നിന്ന് അധികാരത്തിന്റെ ഉച്ചിയിലേക്കുമുള്ള അതിശയകരമായ രാഷ്ട്രീയ യാത്രയാണ് വിജയ് ഇന്ന് പൂർത്തിയാക്കിയിരിക്കുന്നത്. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ അത് ഒരാളുടെ രാഷ്ട്രീയ വിജയം മാത്രമല്ല; ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കവുമാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തമായ അടിത്തറയിൽ പതിറ്റാണ്ടുകളായി വളർന്ന തമിഴ്നാട് വീണ്ടും ഒരു സിനിമാതാരത്തെ ഭരണത്തിന്റെ കേന്ദ്രത്തിലേക്ക് എത്തിച്ചിരിക്കുന്നു. എന്നാൽ ഈ വിജയത്തെ വ്യത്യസ്തമാക്കുന്നത്, വിജയ് പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയത്തിന്റെ അവകാശിയായി വന്നതല്ല എന്നതാണ്.

എം.ജി.ആർ, കരുണാനിധി, ജയലളിത എന്നിവർ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ കരുത്തിൽ ജനഹൃദയങ്ങൾ കീഴടക്കിയവരായിരുന്നെങ്കിൽ, വിജയ് ഒരു പുതിയ രാഷ്ട്രീയ ശൈലിയുടെ പ്രതിനിധിയാണ്. ആരാധകശക്തിയെയും ജനപ്രിയതയെയും സാമൂഹിക-രാഷ്ട്രീയ സന്ദേശങ്ങളുമായി ചേർത്ത് ഒരു പുതിയ തലമുറയുടെ രാഷ്ട്രീയ ആഗ്രഹങ്ങൾക്ക് രൂപം നൽകിയതാണ് അദ്ദേഹത്തിന്റെ വിജയം. തമിഴ് ജനതയുടെ മനസ്സിൽ വർഷങ്ങളായി കെട്ടിപ്പടുക്കപ്പെട്ട ‘ദളപതി’ എന്ന പ്രതീകം ഒടുവിൽ ഭരണകൂടത്തിന്റെ യാഥാർത്ഥ്യമായി മാറിയിരിക്കുകയാണ്. സിനിമയിലെ ഡയലോഗുകൾക്കും രാഷ്ട്രീയ പ്രസംഗങ്ങൾക്കും ഇടയിൽ അതിർത്തി മായ്ച്ചുകൊണ്ടായിരുന്നു വിജയിയുടെ രാഷ്ട്രീയ വളർച്ച. 2014 മുതൽ തന്നെ തന്റെ സിനിമകളിലൂടെ സാമൂഹിക അസമത്വത്തെയും അഴിമതിയെയും ജാതിവിവേചനത്തെയും ചോദ്യം ചെയ്ത വിജയ്, പതിയെ രാഷ്ട്രീയ പ്രവേശനത്തിനുള്ള മണ്ണൊരുക്കുകയായിരുന്നു. അതേസമയം, ഈ വിജയം തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഒന്നുമാണ്.

കോൺഗ്രസും ഡി.എം.കെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധം അവസാനിച്ച് കോൺഗ്രസ് ടി.വി.കെയ്ക്ക് കൈകോർത്തത് ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിക്കും. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി സമവാക്യങ്ങൾ ഇതോടെ പുനഃക്രമീകരിക്കപ്പെടാനിടയുണ്ട്. രാഹുൽ ഗാന്ധിയുമായുള്ള വിജയിയുടെ അടുപ്പവും പുതിയ ദക്ഷിണേന്ത്യൻ രാഷ്ട്രീയ സഖ്യത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ സ്ത്രീസുരക്ഷാ സ്ക്വാഡുകൾ രൂപീകരിക്കുന്നതും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾക്ക് നിർദേശം നൽകുന്നതും 200 വാട്ട് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിക്കുന്നതുമടക്കമുള്ള ആദ്യ തീരുമാനങ്ങൾ ജനകീയ ഭരണത്തിന്റെ സന്ദേശമാണ് നൽകുന്നത്. സിനിമാ സ്റ്റൈലിലുള്ള വാഗ്ദാനങ്ങൾ മാത്രമല്ല, ഭരണനിർവഹണത്തിൽ കാര്യക്ഷമത തെളിയിക്കേണ്ട വലിയ വെല്ലുവിളിയും ഇനി വിജയിക്ക് മുന്നിലുണ്ട്.

ജനപ്രിയതയും ആരാധക ആരവങ്ങളും തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാം. പക്ഷേ ഭരണത്തിൽ നിലനിൽക്കാൻ വേണ്ടത് കൃത്യമായ രാഷ്ട്രീയ ബോധവും ദൂരദർശിത്വവുമാണ്. കരൂർ ദുരന്തം പോലുള്ള സംഭവങ്ങൾ ജനവികാരങ്ങളുടെ അസ്ഥിരതയും അധികാരത്തിന്റെ ഉത്തരവാദിത്വവും ഓർമ്മപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തെ സിനിമയുടെ ക്ലൈമാക്സായി കാണാതെ ജനങ്ങളുടെ ജീവിത യാഥാർഥ്യമായി കാണേണ്ട ബാധ്യത വിജയിക്കുണ്ട്. ‘സി. ജോസഫ് വിജയ് എന്ന ഞാൻ…’ എന്ന് സത്യപ്രതിജ്ഞ ആരംഭിച്ച നിമിഷം മുഴങ്ങിയ ജനാരവം ഒരു നടന്റെ വിജയമാത്രമല്ല, മാറ്റം ആഗ്രഹിച്ച ഒരു ജനതയുടെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ശബ്ദമായിരുന്നു. ആ പ്രതീക്ഷകൾക്ക് നീതി പുലർത്തി ജനപ്രിയ നായകനിൽ നിന്ന് ജനപ്രിയ മുഖ്യമന്ത്രിയായി ഉയരാനാകുമോ എന്നതാണ് ഇനി ചരിത്രം നോക്കി നിൽക്കുന്ന വലിയ ചോദ്യം.

You may also like