ഹൈദരാബാദ്: യുവ തെലുങ്ക് നടനും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് വാഹനാപകടത്തിൽ മരിച്ചു. 31 വയസ്സായിരുന്നു. അപകടത്തിൽ ഭരതിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ജീവൻ നഷ്ടമായി.
ഹൈദരാബാദ് ഔട്ടർ റിങ് റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഭരത് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായിരുന്നു ഭരത് കാന്ത്. ഇൻസ്റ്റഗ്രാമിൽ ഏകദേശം 40,000 ഫോളോവേഴ്സും യൂട്യൂബിൽ 30,000ത്തിലധികം സബ്സ്ക്രൈബേഴ്സുമുണ്ടായിരുന്നു.
ഭരതിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടുകയാണ്. ബാങ്കോക്കിലെ ഒരു മാളിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം “ഞാൻ ഇത് പറഞ്ഞേ പറ്റൂ, നീ അത്രയും സുന്ദരിയാണ്” എന്ന കുറിപ്പ് പങ്കുവെച്ചിരുന്നത്.
‘ടെനന്റ്’, ‘ഗ്രാമം’ ഉൾപ്പെടെയുള്ള തെലുങ്ക് ചിത്രങ്ങളിലും വിവിധ വെബ് സീരീസുകളിലും ഭരത് കാന്ത് അഭിനയിച്ചിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാ ലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

